ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു

Friday 22 April 2022 3:24 AM IST

എഴുകോൺ: എഴുകോൺ രണ്ടാലും മുക്ക് ബിവറേജസ് ഔട്ട്‌ലെറ്റി​ന് സമീപം ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. കാരുണ്യനഗർ ശ്രീപൂരത്തിൽ ആർ. ബാലമുരുകന്റെ വീട്ടിൽ ബുധനാഴ്ച രാത്രിയിലായിരുന്നു മോഷണം.

മണിച്ചിത്രത്താഴിട്ട വാതിലിന്റെ ഓടാമ്പൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കിടപ്പ് മുറിയിലെ മെത്തക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നത്. വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. മറ്റ് രണ്ട് മുറികളുടെ പൂട്ടും തകർത്തു.

മോഷണശേഷം, പിൻ വാതിൽ വഴി പുറത്തിറങ്ങിയ മോഷ്ടാക്കൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് നായ ഈവഴി ഓടി നെടുമൺകാവ് റോഡിലെ സാമില്ലിന് സമീപമെത്തി നി​ന്നു.

വ്യാഴാഴ്ച രാവിലെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അയൽവാസിയായ ഗീത ബാലമുരുകനെ ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടിൽ ആളില്ലെന്ന വി​വരം അറിയുന്നത്. ബാലമുരുകൻ അറിയിച്ചതിനെ തുടർന്ന് എഴുകോൺ പൊലീസ് സ്ഥലത്തെത്തി. ബാലമുരുകനും അമ്മ സരസ്വതിയും തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലായിരുന്നു. ഭാര്യ ദിവ്യ ബന്ധുവിന്റെ വിവാഹത്തിനായി ഓച്ചിറയിലെ സ്വന്തം വീട്ടിലും. എഴുകോൺ പൊലീസും ആന്റി തെഫ്ട് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണ വിഭാഗം തെളിവുകൾ ശേഖരിച്ചു.

സ്വർണം സൂക്ഷിച്ചത് രഹസ്യ അറയിൽ

കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ രഹസ്യ അറയിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഒൻപതും എട്ടും പവൻ വീതമുള്ള മാലകളും അഞ്ച് പവൻ തൂക്കമുള്ള തടവളയും മൂന്നര പവന്റെ നെക്ലേസും നഷ്ടപ്പെട്ടവയിലുണ്ട്. കൂടാതെ നവരത്ന മോതിരങ്ങളും കുട്ടികളുടെ ആഭരണങ്ങളും നഷ്ടപ്പെട്ടു. കൊല്ലത്തെ രണ്ട് ബാങ്കുകളിലായി പണയം വച്ചിരുന്ന ആഭരണങ്ങൾ രണ്ടുമാസം മുമ്പാണ് തിരികെയെടുത്തത്.

Advertisement
Advertisement