അഫ്ഗാനിൽ സ്ഫോടന പരമ്പര : 30ലേറെ മരണം

Friday 22 April 2022 4:27 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിൽ മൂന്നിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 30ലേറെ പേർ മരിച്ചു. 80ലേറെ പേർക്ക് പരിക്കേറ്റു. കാബൂൾ, ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാർ - ഇ - ഷെരീഫ്, കുന്ദൂസ് നഗരം എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. കാബൂളിലെ പൊലീസ് ഡിസ്ട്രിക്റ്റ് 5ൽ നടന്ന ആദ്യ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേ​റ്റു

പിന്നാലെ, ഉച്ചയോടെ മസാർ - ഇ - ഷെരീഫിലെ സെഹ് ദോക്കനിലെ ഷിയാ മുസ്ലിം പള്ളിയിൽ നടന്ന വൻ സ്ഫോടനത്തിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ 12 പേർ മരിച്ചു. 40 ലേറെ പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം പടിഞ്ഞാറൻ കാബൂളിൽ ദാസ്തി ഹരാചി മേഖലയിൽ ഒരു ഷിയാ ഹൈസ്കൂളിന് നേരെ നടന്ന സ്‌ഫോടന പരമ്പരയിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിലെ വടക്കൻ നഗരമായ കുന്ദൂസിലെ സ്ഫോടനത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു. ഷിയാ പള്ളിയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു.

Advertisement
Advertisement