കോൺ.(എസ്) സ്വാഭിമാനയാത്ര സമാപിച്ചു: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും അപകടത്തിൽ:എസ്.എൽ. ശർമ.

Friday 22 April 2022 11:59 PM IST
കോൺ. (എസ്) സ്വാഭിമാന യാത്രയുടെ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പയ്യന്നൂർ ഉളിയത്ത് കടവിൽ അഖിലേന്ത്യ ജനറൽസെക്രട്ടറി എസ്.എൽ. ശർമ്മ പ്രതീകാത്മകമായി ഉപ്പ് കുറുക്കുന്നു

പയ്യന്നൂർ : രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്ന് കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ് .എൽ .ശർമ ആരോപിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികവും പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ 92-മത് വാർഷികവും പ്രമാണിച്ച് കോൺഗ്രസ് (എസ്) സംഘടിപ്പിച്ച സ്വാഭിമാന യാത്രയുടെ സമാപന സമ്മേളനം ഉളിയത്തു കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നതിനപ്പുറം സോണിയ ഗാന്ധിക്ക് മറ്റു ലക്ഷ്യങ്ങളില്ല. കോൺഗ്രസിന്റെ ഇത്തരം സങ്കുചിത സമീപനങ്ങളാണ് ആ പാർട്ടിയെ തകർത്തത്.

സംഘ പരിവാർ രാജ്യത്ത് അധികാരത്തിലെത്തിയത് ഒരു സുപ്രഭാതത്തിലല്ല, കൃത്യമായ വർഗീയ ഗൂഢാലോചനയിലൂടെയും ആസൂത്രണത്തിലൂടെയുമാണ് അവർ ഭരണം നേടിയത് -

എസ്. എൽ. ശർമ പറഞ്ഞു.

പാർട്ടി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.സ്വാഭിമാന സംരക്ഷണ സമര പ്രഖ്യാപനം നടത്തി. അഡ്വ.കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ആർ. വേശാല, സി.ആർ.വത്സൻ,മാത്യൂസ് കോലഞ്ചേരി,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ , കെ.കെ.ജയപ്രകാശ് , പി .ജയൻ തുടങ്ങിയവർ സംബന്ധിച്ചു.

രാവിലെ കണ്ണൂർ വിളക്കും തറ മൈതാനിയിൽ കോൺ. (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. , അഡ്വ: കെ.വി. മനോജ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത യാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം. പെരുമ്പയിൽ നിന്നും പദയാത്രയായാണ് ഉളിയത്ത് കടവിലേക്ക് യാത്ര നീങ്ങിയത്. തുടർന്ന് ഉളിയത്ത് കടവിൽ പ്രതീകാത്മക ഉപ്പുസത്യാഗ്രഹവും പൊതുസമ്മേളനവും നടന്നു.

Advertisement
Advertisement