മ്യൂസിയം വളപ്പിലെ സുലഭിന്റെ ടോയ്‌ലെറ്റിൽ പകൽക്കൊള്ള

Saturday 23 April 2022 2:04 AM IST

 ചോദ്യം ചെയ്‌ത പെൺകുട്ടികളോട് തട്ടിക്കയറി ജീവനക്കാരൻ

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ടോയ്‌ലെറ്റിൽ പൊതുജനങ്ങളെ പിഴിഞ്ഞ് അധികതുക ഈടാക്കുന്നതായി വ്യാപക പരാതി. ടോയ്‌ലെറ്റ് ഉപയോഗിക്കാൻ രണ്ട് രൂപയാണ് നിരക്കെങ്കിലും 5 രൂപയോ 10 രൂപയോ നൽകി ടോയ്‌ലെറ്റ് ഉപയോഗിക്കുന്നവർക്ക് ബാക്കി പണം നൽകില്ല. സുലഭിന്റെ നിയന്ത്രണത്തിലുള്ള ടോയ്‌ലെറ്റിലെ ഹിന്ദിക്കാരായ തൊഴിലാളികൾ ബാക്കി പണം ചോദിക്കുന്നവരോട് മോശമായാണ് പെരുമാറുന്നത്. പ്രഭാത-സായാഹ്ന സവാരികൾക്ക് വരുന്നവ‌ർക്കും മൃഗശാലയിലെത്തുന്നവർക്കും ദുരനുഭവമുണ്ടായിട്ടുണ്ട്.

കഴിഞ്ഞദിവസം മൃഗശാലയിലെത്തിയ പെൺകുട്ടികളും സുലഭ് ടോയ്‌ലെറ്റിലെ തൊഴിലാളിയും തമ്മിൽ ഏറെനേരം ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. 10രൂപ കൊടുത്ത രണ്ട് കുട്ടികൾക്ക് ബാക്കി പണം നൽകാത്തതാണ് തർക്കത്തിനിടയാക്കിയത്. തർക്കം നീണ്ട് മറ്റുള്ളവർ ശ്രദ്ധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ ആറ് രൂപയ്‌ക്ക് പകരം നാല് രൂപ മടക്കി നൽകി. ബാക്കി രണ്ട് രൂപ ചോദിച്ചപ്പോൾ വികലാംഗർക്കാണ് രണ്ട് രൂപയെന്നും അല്ലാത്തവർക്ക് മൂന്ന് രൂപയാണെന്നുമായിരുന്നു വിശദീകരണം. ജീവനക്കാരോട് പറഞ്ഞുതളർന്ന കുട്ടികൾ തിരികെ മടങ്ങുകയായിരുന്നു. രണ്ട് രൂപയെന്ന് എഴുതി വച്ചിരുന്ന ബോർഡ് മറച്ച നിലയിലാണ്. അതേസമയം രണ്ട് രൂപയാണ് അംഗീകരിച്ച നിരക്കെന്ന് മ്യൂസിയം അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.

ബക്കറ്റില്ല, വെള്ളവും മുടങ്ങി

സ്‌ത്രീകളുടെ ടോയ്‌ലെറ്റിൽ ബക്കറ്റില്ലെന്നാണ് മറ്റൊരു പരാതി. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തേക്കും മൃഗശാലയിലേക്കും ആയിരക്കണക്കിന് സ്‌ത്രീകളാണ് ദിവസവുമെത്തുന്നത്. ഒരു മഗ് മാത്രമാണ് ടോയ്‌ലെറ്റിൽ വച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് പൈപ്പിലെ വെള്ളവും മുടങ്ങി. വെള്ളമില്ലെന്ന മുന്നറിയിപ്പ് നൽകാനോ ബദൽ സംവിധാനമൊരുക്കാനോ അധികൃതർ തയ്യാറായിരുന്നില്ല.

നഷ്ടം നികത്താൻ അധിക തുക

മ്യൂസിയം വളപ്പിൽ ഷീ ടോയ്‌ലെറ്റ് സ്ഥാപിച്ചതോടെ സുലഭ് ടോയ്‌ലെറ്റിൽ കയറുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നഷ്‌ടം മറികടക്കാനാണ് പകൽക്കൊള്ള നടത്തുന്നതെന്നാണ് ആക്ഷേപം. കൊവിഡിനുശേഷം മികച്ച വരുമാനം നേടി മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കുമ്പോൾ സുലഭ് ടോയ്‌ലെറ്റിന്റെ പ്രവർത്തനം പൊതുജനത്തിന് കല്ലുകടിയാകുകയാണ്

Advertisement
Advertisement