പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു, വായനയും ചിന്തയും സമന്വയിപ്പിച്ച പ്രതിഭ

Saturday 23 April 2022 1:15 PM IST

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ സൗമ്യ സാന്നിദ്ധ്യമായ പ്രശസ്‌ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ (71) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഉച്ചയ്‌ക്ക് 1.02നായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയും അൽപസമയം മുൻപ് അന്ത്യം സംഭവിക്കുകയുമായിരുന്നു. നൂറിലധികം ചിത്രങ്ങളുടെ തിരക്കഥയെഴുതിയയാളാണ് ജോൺ പോൾ.

വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോൺ പോൾ. ഞാൻ, ഞാൻ മാത്രം എന്ന ചിത്രം മുതൽ കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രംവരെ നീളുന്നതായിരുന്നു അദ്ദേഹം ഒരുക്കിയ സിനിമകൾ. വാണിജ്യ-സമാന്തര സിനിമകളിൽ സമന്വയിപ്പിച്ച് നിരവധി ചിത്രങ്ങൾ ജോൺ പോൾ ഒരുക്കി. ചലച്ചിത്രകാരൻ, നിർമ്മാതാവ്, മാദ്ധ്യമ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ഈ മേഖലകളിലെ വിദ്യാർത്ഥികൾക്ക് തന്റെ വലിയ അനുഭവ സമ്പത്ത് പങ്കുവയ്‌ക്കാൻ ഒരിക്കലും മടികാണിച്ചിട്ടുമില്ല.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 80കളിലും 90കളിലുമുള‌ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ തിരക്കഥയൊരുക്കി. കാതോട് കാതോരം, കാറ്റത്തെ കിളിക്കൂട്, ഇണ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അതിരാത്രം, കേളി,ചമയം, ഒരു യാത്രാമൊഴി, കൊടിയേറ്റം,യാത്ര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥയൊരുക്കി. തിരക്കഥയിൽ മാത്രമല്ല നിർമ്മാണരംഗത്ത് എം.ടി ഒരുക്കിയ 'ഒരു ചെറുപുഞ്ചിരി' എന്ന ചിത്രത്തിലും ജോൺപോൾ ശ്രദ്ധേയനായി. സംസ്ഥാന, ദേശീയ, രാജ്യാന്തര അവാർഡുകൾ ചിത്രം സ്വന്തമാക്കി. മാക്‌ടയുടെ സ്ഥാപക സെക്രട്ടറിയും ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു അദ്ദേഹം.

മികച്ച സംവിധായകനുള‌ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള‌ള ദേശീയ അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്‌ട്ര നിരൂപക സംഘടന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് പ്രത്യേക ജൂറി അവാർഡ്, തിരക്കഥയ്‌ക്കും ഡോക്യുമെന്ററിക്കുമുള‌ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഗ്യാങ്‌സ്‌റ്റർ, കെയർഓഫ് സൈറാബാനു എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

എം.ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, സ്വസ്തി, എന്റെ ഭരതൻ തിരക്കഥകൾ, ഇതല്ല ഞാൻ ആഗ്രഹിച്ച സിനിമ, പവിത്രം ഈ സ്‌മൃതി, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, കഥയിതു വാസുദേവം, വിസ്‌മയാനുഭൂതികളുടെ പുരാവൃത്തം, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്. തുടങ്ങി നിരവധി പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയാണ് ജോൺ പോൾ. ഇതിൽ എം.ടി ഒരു അനുയാത്ര മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള‌ള സംസ്ഥാന അവാർഡ് നേടി.

1950 ഒക്‌ടോബർ 29ന് പുതുശേരി പി.വി പൗലോസ് എന്ന അദ്ധ്യാപകന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായാണ് എറണാകുളത്ത് ജോൺ പോൾ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു ബാങ്ക് ഉദ്യോഗസ്ഥനായി. പിന്നീട് സിനിമയിൽ തിരക്കേറിയതോടെ ഈ ജോലി രാജിവച്ചു. ഐഷ എലിസബത്താണ് ഭാര്യ, മകൾ ജിഷ ജിബി.