ഇ-വണ്ടിക്ക് ബാറ്ററി സ്വാപ്പിംഗ് നയം

Monday 25 April 2022 3:29 AM IST

കൊച്ചി: ഗാർഹിക പാചക വാതക സിലിണ്ടർ വിതരണരീതി പോലെ ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററിയും ഉപഭോക്താക്കൾക്ക് കൈമാറാനുള്ള കരട് നയവുമായി നിതി ആയോഗ്.
നിലവിൽ ഒട്ടുമിക്ക ഇലക്‌ട്രിക് വാഹനങ്ങളിലും അഴിച്ചുമാറ്റാനാവാത്ത (ഫിക്‌സഡ്)​ ബാറ്ററിയാണുള്ളത്. ഇത് ചാർജ് ചെയ്‌‌ത് ഉപയോഗിക്കുകയാണ് വേണ്ടത്. നിതി ആയോഗിന്റെ 'പുതിയ ബാറ്ററി സ്വാപ്പിംഗ്" ആശയം മുന്നോട്ടുവയ്ക്കുന്നത് അഴിച്ചുമാറ്റാവുന്ന ബാറ്ററികളാണ്.
ഇത്തരം ബാറ്ററികളുടെ ചാർജ് തീരുമ്പോൾ അവ പ്രത്യേകം രൂപീകരിച്ച ബാറ്ററി സ്വാപ്പിംഗ് കേന്ദ്രത്തിലെത്തി മാറ്റി,​ ഫുൾ ചാർജുള്ളത് വാങ്ങി മടങ്ങാം. പുതിയ ഇലക്‌ട്രിക് വണ്ടി വാങ്ങുമ്പോൾ അതിന് ബാറ്ററിയുണ്ടാവില്ല. ബാറ്ററി പ്രത്യേകം വാങ്ങണം. ഇതിന്റെ ഉടമസ്ഥാവകാശം ഉപഭോക്താവിന് ആയിരിക്കും. ചാർജ് തീരുമ്പോൾ എൽ.പി.ജി കൈമാറുംപോലെ നിശ്ചിത തുക അടച്ച് ഫുൾ ചാർജുള്ളത് വാങ്ങി വണ്ടിയിൽ ഘടിപ്പിക്കാം.
ബാറ്ററി ഉണ്ടാവില്ലെന്നതിനാൽ ഇ-വാഹനങ്ങളുടെ വില ആശ്വാസകരമായ വിധം കുറഞ്ഞുനിൽക്കാൻ സഹായിക്കും. രണ്ടുവർഷത്തിനകം രാജ്യത്തെ മെട്രോ നഗരങ്ങളിൽ സ്വാപ്പിംഗ് സംവിധാനം സജ്ജമാക്കുകയാണ് ആദ്യലക്ഷ്യം. മൂന്നുവർഷത്തിനകം എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇത് സാദ്ധ്യമാകും.
കരട് നയം സംബന്ധിച്ച് ഇ-വാഹന,​ ബാറ്ററി രംഗത്തുള്ളവർക്കും ഉപഭോക്താക്കൾക്കും അഭിപ്രായം അറിയിക്കാൻ നിതി ആയോഗ് ജൂൺ 5വരെ സമയം അനുവദിച്ചിട്ടുണ്ട്. സ്വാപ്പിംഗ് കേന്ദ്രം സജ്ജമാക്കാൻ മുന്നിട്ടുവരുന്നവർക്ക് പ്രത്യേക ഇളവുകളും നയം ശുപാർശ ചെയ്യുന്നുണ്ട്.
തുടക്കത്തിൽ ഇലക്‌ട്രിക് സ്കൂട്ടറുകൾക്കും ത്രീവീലറുകൾക്കുമാകും ഈ സൗകര്യം ലഭ്യമാക്കുക. ബാറ്ററി,​ അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ജി.എസ്.ടി ആകർഷകമാക്കണമെന്ന ശുപാർശയും കരട് നയത്തിലുണ്ട്.

Advertisement
Advertisement