മഴയത്തും കൂസാതെ നെല്ല് സംഭരണം.

Monday 25 April 2022 12:41 AM IST

കോട്ടയം . പെരുമഴ കൊയ്ത്തിനെ തളർത്താൻ നോക്കിയിട്ടും ഇതുവരെ സപ്ലൈകോ സംഭരിച്ചത് 104.60 കോടി രൂപയുടെ നെല്ല് ! മഴയും കൃഷിനാശവും ഒരു വശത്തു ഭീഷണി ഉയർത്തുമ്പോഴും സംഭരണം അതിവേഗം പുരോഗമിക്കുകയാണ്. ഇന്നലെ വരെ 37360 ടൺ നെല്ലാണ് മില്ലുകൾ സംഭരിച്ചത്. മഴ ഇനിയും ചതിച്ചില്ലെങ്കിലും ഇത്രത്തോളം നെല്ല് ഇനിയും സംഭരിക്കാൻ കഴിയുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ സംഭരിച്ചിരിക്കുന്നത് . 22550 ടൺ.
ഇതുവരെ 21666 ഏക്കർ സ്ഥലത്തെ നെല്ലാണ് സംഭരിച്ചിരിക്കുന്നത്. ഈ മാസം തുടക്കം മുതലുണ്ടായ വേനൽ മഴയിൽ നാലായിരം ഏക്കറിലേറെ സ്ഥലത്തെ കൃഷി നശിച്ചിരുന്നു. ചങ്ങനാശേരിയിലായിരുന്നു കൂടുതൽ നാശം. ഒരു മണി പോലും കൊയ്‌തെടുക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്ന പാടശേഖരവും ഇവയിൽ ഉൾപ്പെടും. സാധാരണ സംഭരണ രംഗത്തുണ്ടാകുന്ന തടസങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഗതാഗതം, ചുമട്, നെല്ലിലെ ഈർപ്പം എന്നിവയുടെ പേരിൽ എല്ലാ വർഷവും തർക്കമുണ്ടാകാറുണ്ട്.

സംഭരണരംഗത്ത് 27 മില്ലുകൾ.

നിലവിൽ 27 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്. കാലടി കേന്ദ്രമായി പ്രവർത്തിക്കുന്നവയാണ് ഏറെയും. സംഭരിക്കുന്ന നെല്ല് പരാമധി വേഗം ഗോഡൗണിലേക്ക് മാറ്റാനാണ് ശ്രമം. ഇതിനിടെ കരാറിൽ ഏർപ്പെട്ടരിക്കുന്ന മില്ലുകാർ സംഭരണ ചുമതല മറ്റ് മില്ലുകളെ ഏൽപ്പിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടത്തി.

12374 ഹെക്ടറിൽ പുഞ്ചക്കൃഷി.
ഇത്തവണ 12374 ഹെക്ടറിൽ പുഞ്ചക്കൃഷിയുണ്ടെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. അടുത്ത മാസം പകുതിയോടെ പ്രധാന പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയാകും. ഇത്തവണ വൈകി കൃഷി ഇറക്കിയതിനാൽ മൊത്തത്തിലുള്ള കൊയ്ത്ത് ജൂൺ പകുതിയോടെ മാത്രമേ അവസാനിക്കൂ.

Advertisement
Advertisement