സോണിയയുടെ ചികിത്സയ്ക്കായി പ്രിയങ്കയിൽ നിന്ന് രണ്ട് കോടിക്ക് പെയിന്റിംഗ് വാങ്ങാൻ നിർബന്ധിതനായി: റാണ കപൂർ

Monday 25 April 2022 12:51 AM IST

മുംബയ്: അന്തരിച്ച മുൻ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ നിർബന്ധപ്രകാരം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പക്കൽ നിന്ന് വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈന്റെ പെയിന്റിംഗ് രണ്ട് കോടി രൂപ വിലയ്ക്ക് വാങ്ങിയെന്നും ഈ തുക ഉപയോഗച്ചാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ന്യൂയോർക്കിൽ ചികിത്സ നടത്തിയതെന്നും യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 മാർച്ചിൽ അറസ്റ്റിലായ റാണ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം പറഞ്ഞത്. നിലവിൽ റാണ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

പെയിന്റിംഗ് വാങ്ങിയില്ലെങ്കിൽ ഗാന്ധി കുടുംബവുമായുള്ള ബന്ധം നഷ്ടമാകുമെന്നും പദ്മഭൂഷൺ ബഹുമതി ലഭിക്കില്ലെന്നും കേന്ദ്രമന്ത്രി മുരളി ദേവ്റ, തന്നോട് പറഞ്ഞെന്നും റാണ മൊഴി നൽകി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാണ കപൂർ, അദ്ദേഹത്തിന്റെ കുടുംബം, ഡി.എച്ച്.എഫ്.എൽ പ്രമോട്ടർമാർ തുടങ്ങിയവർക്കെതിരെ ഇ.ഡി പ്രത്യേക കോടതിയിൽ സമർപ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. സോണിയയുടെ ചികിത്സാർത്ഥം അത്യാവശ്യ ഘട്ടത്തിൽ നൽകിയ ഈ സഹായവും പിന്തുണയും പദ്മഭൂഷൺ പുരസ്കാരം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഗാന്ധി കുടുംബം ഓർക്കുമെന്ന് സോണിയയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേൽ ഉറപ്പ് നൽകിയിരുന്നു.

കോൺഗ്രസിലെ ഉന്നതരുടെ നിർബന്ധ പ്രകാരം 2 കോടി രൂപയുടെ ചെക്ക് താൻ കൈമാറി. പ്രിയങ്കാഗാന്ധിയുടെ വീട്ടിൽ വച്ചായിരുന്നു ഇടപാട്. ഈ പണം സോണിയയുടെ ന്യൂയോർക്കിലെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്റ രഹസ്യമായി അറിയിച്ചിരുന്നു.

പെയിന്റിംഗ് വാങ്ങാൻ നിർബന്ധിക്കുന്നതിനായി മിലിന്ദ് ദേവ്‌റ പലവട്ടം തന്റെ വീട്ടിലും ഓഫീസിലുമെത്തി. പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ചിത്രം വാങ്ങാൻ ഒട്ടും താത്പര്യമില്ലാതിരുന്നതിനാൽ ഈ ഫോൺവിളികളും ചർച്ചകളും പരമാവധി ഒഴിവാക്കി.
എന്നാൽ പെയിന്റിംഗ് വാങ്ങാതിരുന്നാൽ തനിക്കും യെസ് ബാങ്കിനും വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് മുരളി ദേവ്റ പറഞ്ഞു. ഒടുവിൽ കടുത്ത നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.

ഡി.എച്ച്.എഫ്.എല്ലിന് വഴിവിട്ട് വായ്പ നൽകിയതിനെ തുടർന്ന് റാണ കപൂറിന്റെയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടികളെത്തിയിരുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്.

Advertisement
Advertisement