പൂരം പ്രൗഢഗംഭീരമാക്കും: കൊവിഡ് നിയന്ത്രണമില്ല പൂരത്തിന് അഭൂതപൂർവമായ തിരക്കിന് സാദ്ധ്യതയെന്ന് മന്ത്രി

Monday 25 April 2022 12:39 AM IST

തൃശൂർ: തൃശൂർ പൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയംസുരക്ഷ എല്ലാവരും ഉറപ്പാക്കണം. കൊവിഡ് കാലത്തിന് മുമ്പ് നടത്തിയിരുന്ന പൂര സമയത്തെക്കാൾ ഇത്തവണ നാൽപത് ശതമാനമെങ്കിലും കൂടുതൽ ജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വങ്ങൾ ഉന്നയിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബാരിക്കേഡുകളും ഫ്‌ളൈഓവറുകളും നിർമ്മിക്കാൻ ദേവസ്വങ്ങളെ ചുമതലപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പൊലീസുകാർക്കുള്ള ഭക്ഷണം നൽകേണ്ടതും ദേവസ്വങ്ങളാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ടുവർഷമായി പൂരം പ്രദർശനമില്ലാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്ന നിലപാടിലായിരുന്നു ദേവസ്വം ഭാരവാഹികൾ. ഗ്യാലറികളുടെയും ബാരിക്കേഡുകളുടെയും നിർമ്മാണം സർക്കാർ ഏറ്റെടുക്കും. പൊലീസുകാർക്കുള്ള ഭക്ഷണം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്‌പോൺസർമാരെ കണ്ടെത്തി നിർവഹിക്കും.
റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, തൃശൂർ എം.പി. ടി.എൻ. പ്രതാപൻ, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഹരിത വി.കുമാർ, മേയർ എം.കെ. വർഗീസ്, എ.സി.പി. വി.കെ. രാജു, ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത സർവകക്ഷി യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement
Advertisement