ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയി​ൽ സൂപ്രണ്ട് പുറത്തേക്ക്

Monday 25 April 2022 1:21 AM IST

ഡോ.സജീവ് ജോർജ് പുളിക്കൽ രാജിക്കത്ത് നൽകി

അമ്പലപ്പുഴ : സൂപ്രണ്ടുമാർ വാഴാറില്ലെന്ന പേരുദോഷം നിലനിൽക്കുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിലെ സൂപ്രണ്ടും സ്ഥാനം ഒഴിയുന്നു. കഴിഞ്ഞ ആഗസ്റ്റിൽ സൂപ്രണ്ടായി​ ചുമതലയേറ്റ ഡോ.സജീവ് ജോർജ് പുളിക്കലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് രാജിക്കത്ത് നൽകിയത്. റേഡിയോ തെറാപ്പി വിഭാഗം അസോ.പ്രൊഫസറായ ഡോ.സജീവ് ജോർജ്, തന്റെ വിഭാഗത്തിൽ വേണ്ടത്ര സേവനം ചെയ്യാൻ കഴിയുന്നില്ലെന്ന കാരണമാണ് രാജിക്ക് കാരണമായി ഉന്നയിക്കുന്നത്. 2010ൽ മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴയിൽ നിന്നും വണ്ടാനത്തേക്ക് മാറ്റിയതിന് ശേഷം ഏഴ് പേരാണ് സൂപ്രണ്ട് സ്ഥാനം വഹിച്ചത്.

ഡോ.സജീവ് ജോർജിന് മുമ്പ് സൂപ്രണ്ടായിരുന്ന ഡോ.രാംലാലിനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയത് ജീവനക്കാർക്കുണ്ടായ പിഴവിന്റെ പേരിലാണ്. എന്നാൽ കാരണക്കാരായ ജീവനക്കാർക്കെതിരെ നടപടി എടുത്തുമില്ല. രാഷ്ട്രീയ ഇടപെടലുകളാണ് ഇതിന് പിന്നിൽ. അടുത്തിടെ ഹരിപ്പാട് സ്വദേശിയായ 13കാരിയെ സുരക്ഷാ ജീവനക്കാരികൾ മർദ്ദിച്ചത് വിവാദമായിരുന്നു. പൊലീസും ബാലാവകാശ കമ്മീഷനും ഇടപെട്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്താൽ സൂപ്രണ്ടിന് നടപടി എടുക്കാനായില്ല. കൂടാതെ സുരക്ഷാജീവനക്കാരുടെ യൂണിഫോം മാറ്റണമെന്ന ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം പാലിക്കുന്നതിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായി. പൊലീസ് മേധാവിയുടെ ഉത്തരവ് നിഷേധിച്ച സുരക്ഷാജീവനക്കാർക്കെതിരെ നടപടി എടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇല്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ് ഇവിടെ നേരിടേണ്ടിവരുന്നതെന്നാണ് ചുമതല വഹിച്ചിട്ടുള്ളവർ പറയുന്നത്.

സൂപ്രണ്ടുമാർ പോയ വഴി

2007 ൽ മെഡിസിൻ വിഭാഗം വണ്ടാനത്തേക്ക് മാറ്റിയപ്പോൾ ഡോ.ടി.കെ.സുമയായിരുന്നു സൂപ്രണ്ട്. ഒരു വർഷത്തോളം മാത്രമാണ് ചുമതല വഹിക്കാനായത്. 2010 ൽ ആശുപത്രി പൂർണമായും വണ്ടാനത്തേക്ക് മാറിയതോടെ ത്വക്ക് രോഗവിഭാഗം മേധാവി ഡോ. ശ്രീദേവൻ സൂപ്രണ്ടിന്റെ ചുമതല വഹിച്ചു. മാസങ്ങൾ മാത്രമേ അദ്ദേഹത്തിനും ഈ ചുമതലയിൽ തുടരാനായുള്ളൂ. 2011 മുതൽ 2014 വരെ ഡോ.സുമ വീണ്ടും സൂപ്രണ്ടിന്റെ ചുതല വഹിച്ചു. ആരോഗ്യപ്രശ്നത്താലാണ് ചുമതല ഒഴിഞ്ഞത്. നാലു വർഷത്തോളം സൂപ്രണ്ടിന്റെ ചുമതല വഹിച്ചിട്ടുള്ളതും ഡോ.സുമ മാത്രമാണ്. ഇതിനുശേഷം ഡോ രാജ്‌മോഹനായിരുന്നു സൂപ്രണ്ട്. അദ്ദേഹം മാസങ്ങൾ കഴിഞ്ഞ് ചുമതല ഒഴിഞ്ഞപ്പോൾ ഡോ.അരവിന്ദ് എസ്.നാഥിന് താത്കാലിക ചുമതല നൽകി. അതിനുശേഷം വന്ന ഡോ.സന്തോഷ് രാഘവനും അധികനാൾ സൂപ്രണ്ട് സ്ഥാനത്തിരിക്കാനായില്ല. പിന്നീട് വന്ന ഡോ.രാംലാൽ പലതവണ ചുമതലയിൽ നിന്നും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോൾ അനുവദിച്ചില്ലെങ്കിലും പിന്നീട് മറ്റ് ചില കാരണങ്ങളുടെ പേരിൽ അദ്ദേഹത്തിനും ചുമതല ഒഴിയേണ്ടിവന്നു. തുടർന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ ഡോ.സജീവ് ജോർജ്ജ് പുളിക്കൽ സൂപ്രണ്ടിന്റെ കസേരയിലെത്തിയത്.

ചെറുതല്ല സമ്മർദ്ദം

 സൂപ്രണ്ട്ചുമതല വഹിക്കുന്നവർ നേരിടേണ്ടി വരുന്നത് കടുത്ത രാഷ്ട്രീയ സമ്മർദ്ദം

 താത്കാലിക നിയമനങ്ങൾ മുതൽ പർച്ചേസിംഗിൽ വരെ ഇടപെടലുകൾ നേരിടേണ്ടിവരുന്നു

 ജീവനക്കാർക്കെതിരെയുള്ള പരാതിയുടെ അന്വഷണത്തിലും രാഷ്ട്രീയ ഇടപെടൽ

 അന്വേഷണം അട്ടിമറിക്കുന്നത് ചികിത്സാപ്പിഴവുകൾ ആവർത്തിക്കാൻ വഴിയൊരുക്കുന്നു

 ജീവകാരുണ്യ പ്രവർത്തകരെന്ന പേരിൽ കടന്നുകൂടുന്നവരുടെ മുന്നിലും വഴങ്ങേണ്ടിവരുന്നു

Advertisement
Advertisement