കടമ്പാട്ടുകോണം-കഴക്കൂട്ടം ദേശീയപാത നിർമ്മാണം, സ്ഥലമേറ്റെടുക്കൽ 98%,​ നിർമ്മാണം ജൂണോടെ

Monday 25 April 2022 12:31 AM IST

തിരുവനന്തപുരം: കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാതാവികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 98 ശതമാനം പൂർത്തിയായി. ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടെ 30 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണത്തിനായുള്ള 69 ഹെക്ടറിൽ 1.9 ഹെക്ടർ സ്ഥലമേറ്റെടുക്കലാണ് ഇനിയുള്ളത്.

പല വില്ലേജുകളിലായി അവകാശത്തർക്കമുൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങളാൽ വൈകിയ സ്ഥലമേറ്റെടുക്കലിന്റെ നോട്ടിഫിക്കേഷൻ പൂർത്തിയാക്കിയതായി ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. ദേശീയപാത റീച്ച് 18ൽപ്പെടുന്ന ഇവിടെ റവന്യു വകുപ്പ് ഏറ്റെടുത്ത വസ്‌തുക്കളിൽ മൂവായിരത്തിലധികം ഭൂവുടമകൾക്കായി 1,217കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്.

ബാക്കിയുള്ള അമ്പതോളം പേർക്ക് നഷ്ടപരിഹാരത്തിനായി 291 കോടി ഇനിയും ദേശീയപാത അതോറിട്ടിയിൽ നിന്ന് ലഭിക്കേണ്ടതുണ്ട്.

കല്ലമ്പലം മുതൽ മണമ്പൂർ വരെ എട്ടുകിലോമീറ്ററോളം നിലവിലുള്ള ദേശീയപാത 45 മീറ്ററായി വീതി കൂട്ടുകയാണ് ചെയ്യുന്നത്. പുതുതായി നിർമ്മിക്കുന്ന ആറ്റിങ്ങൽ ബൈപ്പാസിനാകട്ടെ 10.8 കിലോ മീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിക്കണം. മണമ്പൂർ ആയാംകോണത്ത് നിന്ന് തുടങ്ങി മാമത്തിന് സമീപം കോരാണിയിലാണ് ബൈപ്പാസ് അവസാനിക്കുക. മാമം മുതൽ കഴക്കൂട്ടം വരെ 12 കിലോമീറ്ററോളമുള്ള നിലവിലെ ദേശീയപാതയുടെ വീതി 45 മീറ്ററാക്കുകയാണ് വേണ്ടത്. നിലവിലെ ദേശീയപാതയുടെ വീതി ശരാശരി 30.5 മീറ്ററായാണ് കണക്കാക്കിയിരിക്കുന്നത്.

ഭൂമിയേറ്റെടുത്താൽ

വർക്ക് എഗ്രിമെന്റ്

ആ‌ർ.ബി.എസ് എന്ന കമ്പനി 795 കോടി രൂപയ്ക്കാണ് നിർമ്മാണമേറ്റെടുത്തിരിക്കുന്നത്. എഗ്രിമെന്റ് വച്ചാൽ 30 മാസത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നാണ് കരാർ. സ്ഥലം പൂർണമായും വിട്ടുകിട്ടിയാൽ മാത്രമേ കമ്പനിക്ക് നിർമ്മാണം ആരംഭിക്കാനാകൂ. സ്ഥലം വിട്ടുകിട്ടാതെ വർക്ക് എഗ്രിമെന്റ് വയ്ക്കാൻ കമ്പനി തയ്യാറല്ല. സ്ഥലം വിട്ടുകിട്ടാതെ എഗ്രിമെന്റ് ഒപ്പുവച്ചാൽ പണി ആരംഭിക്കാൻ കഴിയാതെ പോകുകയും സമയനഷ്ടത്തിന്റെ പേരുദോഷം കമ്പനിയുടെ മേൽ ആകുകയും ചെയ്യും. റവന്യുവകുപ്പിൽ നിന്ന് ഭൂമി പൂർണമായും കൈമാറി കിട്ടിയശേഷമേ കമ്പനി എഗ്രിമെന്റ് വയ്ക്കാൻ സാദ്ധ്യതയുള്ളൂ. ഒപ്പുവച്ചാലും വർക്ക് ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സോൾവൻസി സമർപ്പിക്കൽ, ഗാരന്റി തുക കെട്ടിവയ്ക്കൽ തുടങ്ങിയ നടപടികളും പാലിക്കേണ്ടതുണ്ട്. ഇവ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ ഒരു മാസമെടുക്കുമെന്നാണ് കരുതുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്‌ത് ഭൂമി നിരപ്പാക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. ജൂൺ മാസത്തോടെ റോഡ് നിർമ്മാണം ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

-------------------------------------------------------

ദേശീയപാതാ വികസനത്തിനുള്ള 1.9 ഹെക്ടറൊഴികെയുള്ള മുഴുവൻ ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. ദേശീയപാതാ അതോറിട്ടി അനുവദിച്ച തുക മുഴുവൻ ഭൂവുടമകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. 291 കോടി രൂപ കൂടി അനുവദിച്ചാൽ നഷ്ടപരിഹാര വിതരണം പൂർത്തിയാകും.

ഡെപ്യൂട്ടി കളക്ടർ,​ ലാൻഡ് അക്വിസിഷൻ വിഭാഗം,​ തിരുവനന്തപുരം

--------------------------------------------------------------------------------------

എഗ്രിമെന്റ് വയ്ക്കലിന്റെ ഭാഗമായുള്ള സോൾവൻസി സമർപ്പിക്കലും,​ ഗാരന്റി നൽകലുമുൾപ്പെടെയുള്ള

നടപടികൾ നടന്നുവരികയാണ്. സ്ഥലം വിട്ടുകിട്ടിയാലുടൻ നിർമ്മാണം ആരംഭിക്കാൻ കഴിയും.

പ്രോജക്ട് എൻജിനിയർ,​ആർ.ബി.എസ് കൺസ്ട്രക്ഷൻ

പദ്ധതി തുക - 795 കോടി രൂപ

Advertisement
Advertisement