ചോദ്യപേപ്പർ ആവർത്തനം പരീക്ഷാ വിഭാഗത്തിന്റെ വീഴ്ച

Tuesday 26 April 2022 12:15 AM IST

# അന്വേഷണ റിപ്പോർട്ട് ഇന്ന് കണ്ണൂർ വി.സിക്ക് നൽകും

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ പരീക്ഷാ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ജാഗ്രതക്കുറവുമാണ് ചോദ്യം ആവർത്തിക്കാൻ കാരണമായതെന്ന് രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ സൂചന. സർവകലാശാല ഫിനാൻസ് ഓഫിസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവർ അംഗങ്ങളായ അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് വൈസ് ചാൻസലർക്ക് സമർപ്പിക്കും. വൈസ് ചാൻസലർ പരിശോധിച്ച ശേഷം മേയ് 5ന് ചേരുന്ന സിൻഡിക്കേറ്റ് ചർച്ച ചെയ്ത് തുടർ നടപടിയെടുക്കുമെന്നാണ് സൂചന. അതേസമയം പരീക്ഷാ കൺട്രോളർ പി.ജെ. വിൻസെന്റ് രാജിക്കത്ത് നൽകിയെന്ന വാർത്ത സർവ്വകലാശാലാ അധികൃതർ നിഷേധിച്ചു.

സർവ്വകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ ഒരു അദ്ധ്യാപകനെ നിയമിക്കുന്നത്. ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.
സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപേപ്പറാണ് 2020 തിലെതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്. വിവാദമായതോടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.

അതേസമയം ഈവരുന്ന 28 മുതൽ പരീക്ഷാകൺട്രോളർ അവധിയിൽ പോകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

റിപ്പോർട്ടിൽ പറയുന്നത്

മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും അത് പരിശോധിച്ച പഠനബോർഡിന്റെ ചെയർമാനും ഗുരുതരമായ വീഴ്ചവരുത്തിയിട്ടുണ്ട്. ഇതിന്റെ ഏകോപനം നിർവഹിക്കുന്ന കാര്യത്തിൽ പരീക്ഷാ കൺട്രോളറുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement