ഗ്രാമങ്ങളിലെ ലഹരി കേന്ദ്രങ്ങൾക്കെതിരെ നടപടി വേണം: മന്ത്രി എം.വി ഗോവിന്ദൻ

Monday 25 April 2022 9:39 PM IST
ലഹരി വിമുക്ത ജനകീയ കാമ്പയിന്റെ കണ്ണൂർ ജില്ലാതല യോഗം മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ലഹരി വിമുക്ത ജനകീയ ക്യാമ്പയിൻ തുടങ്ങി

കണ്ണൂർ: ഗ്രാമങ്ങളിൽ ധാരാളം ലഹരികേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും അവ എക്‌സൈസിന്റെയും പൊലീസിന്റെയും മുന്നിൽ എത്തിക്കാൻ പലരും ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. അത്തരത്തിൽ ഒരു സമീപനം ഇനി പാടില്ല. വാർഡ് തലത്തിൽ നിന്നുതന്നെ പ്രവർത്തനങ്ങൾ ആരംഭിക്കണം. ജില്ലയിൽ വ്യാപിക്കുന്ന ലഹരി വസ്തുക്കളിൽ ചെറിയൊരു ശതമാനം മാത്രമാണ് പിടിച്ചെടുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും നാട്ടുകാരും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ചേർന്ന് ലഹരിക്കെതിരെ പ്രവർത്തിക്കണം. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും എക്‌സൈസ്, പൊലീസ് വകുപ്പുകളും സംയുക്തമായി നടത്തുന്ന 'ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി' എന്ന ലഹരി വിമുക്ത ജനകീയ കാമ്പയിന്റെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷയായി. മേയർ അഡ്വ. ടി.ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.കെ സുരേഷ്ബാബു, യു.പി ശോഭ, അഡ്വ. ടി. സരള, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കണ്ണൂർ റൂറൽ എസ്.പി പി.ബി രാജീവ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ.എസ് ഷാജി, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പ് തലവന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement