പൊള്ളലേറ്റു മരിച്ച യുവാവിന്റെയും പെൺകുട്ടിയുടെയും മൃതദേഹം സംസ്‌കരിച്ചു

Tuesday 26 April 2022 4:26 AM IST

കൊല്ലങ്കോട്: പിറന്നാൾ ദിനത്തിൽ കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കിഴക്കേഗ്രാമത്തിൽ രമേഷിന്റെ മകൻ സുബ്രഹ്മണ്യൻ (24), പാവടിയിൽ ശെൽവന്റെ മകൾ ധന്യ (16) എന്നിവരുടെ മൃതദേഹമാണ് സംസ്കരിച്ചത്.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ ഞായറാഴ്ച രാത്രി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയ്ക്ക് 12ന് ധന്യയുടെ മൃതശരീരം പാവടിയിലുള്ള വാടക വീട്ടിലെത്തിച്ചു. രണ്ടുമിനിട്ടിനകം വടവന്നൂർ പഞ്ചായത്തിലെ മടത്തുനാറ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. രണ്ടുമണിയോടെ സുബ്രഹ്മണ്യന്റെ മൃതദേഹം കിഴക്കേഗ്രാമത്തിലെത്തിച്ച് ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ചു. തുടർന്ന് മുതലയാർകുളം പൊതുശ്മശാനത്തിലും സംസ്‌കരിച്ചു.

അതേസമയം സുബ്രഹ്മണ്യന്റെയും ധന്യയുടെയും മരണകാരണം ഇരുവരുടെയും ഫോൺ സന്ദേശങ്ങൾ പരിശോധിച്ചാലേ സത്യാവസ്ഥ അറിയാൻ കഴിയൂ. ഞായറാഴ്ച പിറന്നാളായിരുന്ന സുബ്രഹ്മണ്യൻ ആറുമണിക്ക് മുമ്പ് സമീപത്തുള്ള ക്ഷേത്രദർശനം നടത്തി വീട്ടിലേക്ക് വന്നതായും പറയുന്നു. ഇതുകഴിഞ്ഞാണ് ധന്യ സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയത് എന്നാണ് കരുതുന്നത്. ബാഗിൽ എന്താണെന്ന് വ്യക്തമല്ല. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നു കരുതിയായിരിക്കാം കൃത്യം നടത്തിയതെന്നാണ് നിഗമനം.

 മകളെ കൊലപ്പെടുത്തിയതെന്ന് ധന്യയുടെ അച്ഛൻ

രാവിലെ ബാഗുമായി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് മകൾ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ ഇത്തരം കൊടുംക്രൂരത സംഭവിക്കുമെന്ന് കരുതിയില്ലെന്ന് ധന്യയുടെ അച്ഛൻ ശെൽവൻ പറഞ്ഞു.

 പൂജ കഴിഞ്ഞെത്തുമ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മകനെ

ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മകനെയാണെന്ന് സുബ്രഹ്മണ്യന്റെ അച്ഛൻ രമേഷ് പറഞ്ഞു. കാറ്ററിംഗ് ജോലിയാണ് പ്രധാനമെങ്കിലും മുത്തച്ഛനും അച്ഛനും തുടർന്നുവന്ന ക്ഷേത്രത്തിലെ പൂജകൾ പാരമ്പര്യമായി ചെയ്തു വരികയാണ്. അതിരാവിലെ അമ്പലത്തിൽ പോയി തിരിച്ച് വീട്ടിൽ വരുമ്പോഴാണ് വീടിന് മുന്നിൽ നാട്ടുകാർ കൂടി നിൽക്കുന്നത് കണ്ടത്.

Advertisement
Advertisement