ക്ലാസിൽ പ്രാർത്ഥിക്കണം, ദൈവങ്ങളിൽ ശക്തൻ ആരാണെന്നതിന് ഈ മറുപടി നൽകണം, സർക്കാർ സ്‌കൂളിൽ മതപരിവർത്തനത്തിന് ശ്രമിച്ച  ടീച്ചറിനെതിരെ നടപടി വേണമെന്ന് ബിജെപി

Tuesday 26 April 2022 4:22 PM IST

തിരുപ്പൂർ : പിഞ്ചുമനസിൽ വർഗീയത കുത്തിവയ്ക്കാൻ ക്ലാസ് ടീച്ചർ ശ്രമിക്കുന്നതായി പരാതി. തമിഴ്നാട്ടിലെ തിരുപ്പൂരിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകർ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ക്ലാസിൽ പ്രാർത്ഥിക്കാൻ അദ്ധ്യാപിക വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ക്ലാസിൽ യേശുവിനെ പ്രകീർത്തിച്ച് സംസാരിക്കുന്ന പതിവും ഇവർക്കുണ്ടായിരുന്നു.

ദൈവങ്ങളിൽ ഏറ്റവും ശക്തൻ ആരാണെന്നായിരുന്നു ഒരു ദിവസം അദ്ധ്യാപിക കുട്ടികളോട് ചോദിച്ചത്. തങ്ങളുടെ വിശ്വാസ പ്രകാരമുള്ള മറുപടികളാണ് കുട്ടികൾ നൽകിയത്. എന്നാൽ ടീച്ചർ ദൈവങ്ങളിൽ ഏറ്റവും ശക്തൻ യേശുവാണെന്ന് പറഞ്ഞ് കുട്ടികളെ തിരുത്തി. ജീവൻ നൽകി കുട്ടികളെ രക്ഷിച്ചത് യേശുവാണെന്നും അവർ സ്ഥാപിച്ചു. വിദ്യാർത്ഥികൾ ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ അവർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണകക്ഷിയായ ഡി എം കെ സർക്കാർ നിർബന്ധിത മതപരിവർത്തന സംഭവങ്ങളിൽ കാഴ്ചക്കാരായി നിൽക്കുകയാണെന്നും ആരോപിച്ചു. കഴിഞ്ഞ ജനുവരിയിൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 12ാം ക്ലാസ് വിദ്യാർത്ഥിനി നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു.