കാട്ടാക്കട ഡിപ്പോയിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി

Wednesday 27 April 2022 2:10 AM IST

 ഒരാളെ തലയ്‌ക്കടിച്ച് പരിക്കേല്പിച്ചു  വാണിജ്യ സമുച്ചയത്തിലെ ചില്ലുകൾ അടിച്ചുതകർത്തു

കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞുണ്ടായ ഏറ്രുമുട്ടലിൽ വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ 50ഓളം വരുന്ന വിദ്യാർത്ഥികളാണ് മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞിറങ്ങിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യാപാരികൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്‌തുവരികയാണെന്നും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ആദ്യം കെ.എസ്.ആർ.ടി.സി ഡിപ്പോയ്‌ക്കുള്ളിലാണ് സം‍ഘർഷമുണ്ടായത്. യാത്രക്കാർ ചോദ്യം ചെയ്‌തതോടെ ഇവർ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ താഴത്തെ നിലയിലെത്തി. പിന്നാലെ നിരവധി ബൈക്കുകളിൽ വിദ്യാർത്ഥികൾ ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. സംഘർഷത്തിൽ ഒരാളുടെ തലയ്‌ക്ക് ഗുരുതര പരിക്കുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഒപ്ടിക്കൽസിന്റെ മുൻവശത്തെ ഗ്ലാസുകളാണ് ഇവർ അടിച്ചുതകർത്തത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾ കൊണ്ടുവന്ന കമ്പികൾ വാണിജ്യസമുച്ചയത്തിന് മുന്നിൽ നിന്ന് പൊലീസ് കണ്ടെത്തി.

കാട്ടാക്കട ഡിപ്പോയിൽ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പതിവാണ്. അതേസമയം ഏറ്റുമുട്ടലിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്ലസ് ടു പരീക്ഷ ആരംഭിച്ചശേഷമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണോ ഇതെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിലെ ഇടനാഴികളും പടിക്കെട്ടിന്റെ പരിസരവും കേന്ദ്രീകരിച്ച് ലഹരിവില്പന നടക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്നത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ഇക്കാര്യം പൊലീസ് പരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

Advertisement
Advertisement