മുളയിലേ നുള്ളരുതീ പൂമൊട്ടുകളെ...മൂന്ന് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 15,253ത്തിലധികം ശൈശവവിവാഹങ്ങൾ നടന്നതായി റിപ്പോർട്ട്

Wednesday 27 April 2022 12:11 AM IST

മുംബയ്: മഹാരാഷ്ട്രയിൽ ആദിവാസി സമൂഹങ്ങൾ കൂടുതലുള്ള 16 ജില്ലകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 15,253 ശൈശവ വിവാഹ കേസുകളും, പോഷകാഹാരക്കുറവ് മൂലമുള്ള 6,582 മരണങ്ങളും ഉണ്ടായതായി റിപ്പോർട്ട്. അഭിഭാഷകനായ അശുതോഷ് കുംഭകോണി ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരം.

മഹാരാഷ്ട്രയിലെ മെൽഘട്ടിലെ ആദിവാസി ജില്ലകളിൽ പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നതായി ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയെത്തി. ഇതിന്റെ വാദത്തിനിടെ പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനുള്ള കാരണം ശൈശവ വിവാഹമാണെന്ന് ആരോപണമുയർന്നിരുന്നു.

തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കളക്ടറും മഹാരാഷ്ട്രയിലെ പതിനാറ് ആദിവാസി ജില്ലകൾ സന്ദർശിച്ച് ശൈശവവിവാഹം വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച സംഘമാണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

സ്ഥിതി വിവര കണക്കുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആദിവാസി സമൂഹങ്ങളിലെ ശൈശവ വിവാഹത്തെക്കുറിച്ചും അസുഖങ്ങളെക്കുറിച്ചും ബോധവത്കരണം നടത്താൻ മഹാരാഷ്ട്ര സർക്കാർ മുൻകൈ എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കോടതി കേസ് ജൂൺ 20ലേക്ക് മാറ്റി.

2019നും 2022നുമിടയിൽ 16 ജില്ലകളിലായി പോഷകാഹാരക്കുറവ് മൂലം 6,582ശിശു മരണങ്ങൾ. ഇതിൽ 601കേസുകളിലും അമ്മമാർ ശൈശവ വിവാഹത്തിനിരകളാണ്.

മൂന്ന് വർഷത്തിനിടെ പോഷകാഹാരക്കുറവ് മൂലം മരിച്ച ആകെ കുട്ടികളിൽ 5,031 പേർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 26,059 പേരിൽ ഗുരുതരമായ പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിൽ 20,293 കേസുകൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്.

ഗുരുതര പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുള്ള 3,000 കേസുകളിൽ കുട്ടികളുടെ അമ്മമാർ പ്രായപൂർത്തി ആകാത്തവരാണ്.

Advertisement
Advertisement