വഴിയിൽ 'ചാേരില്ല' റേഷനരി : ട്രാക്കിംഗ് ജില്ലയിലും

Tuesday 26 April 2022 9:47 PM IST

തൃശൂർ: റേഷൻ കടകളിലേക്ക് അരി ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്നതിനിടെയുള്ള കള്ളത്തരങ്ങൾക്ക് താഴിടാൻ സപ്‌ളൈകോയുടെ ചരക്കുവാഹനങ്ങളുടെ ചലനം നിരീക്ഷിക്കാനുള്ള വാഹന ട്രാക്കിംഗ് സംവിധാനത്തിന് ജില്ലയിലും തുടക്കമിടുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിന്റെ ഡിജിറ്റൽ മാഗസിൻ പ്രകാശനവും മന്ത്രി നിർവഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രിമാരായ ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, മേയർ എം.കെ.വർഗീസ്, ടി.എൻ.പ്രതാപൻ എം.പി എന്നിവർ പങ്കെടുക്കും.
ഭക്ഷ്യധാന്യം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജി.പി.എസ് വെഹിക്കിൾ ട്രാക്കിംഗ് സഹായിക്കും. എഫ്.സി.ഐ ഗോഡൗണുകളിലും മില്ലുകളിലും നിന്ന് സപ്ലൈകോ ഇടക്കാല സംഭരണ സ്ഥലങ്ങളിലേക്കും അവിടെ നിന്ന് റേഷൻകടകളിലേക്കും കാലതാമസമില്ലാതെ നിർദ്ദിഷ്ട വഴിയിലൂടെ പോകുന്നുവെന്ന് ഉറപ്പാക്കാം. വാഹനം എവിടെയുണ്ടെന്ന് അറിയാൻ വകുപ്പിന് ജി.പി.എസ് വഴി തത്സമയ സന്ദേശം ലഭിക്കും.

മേലധികാരികൾക്ക് നിരീക്ഷിക്കാം

സിവിൽ സപ്ലൈസ് വകുപ്പ് മേധാവികൾ, കേന്ദ്ര കാര്യാലയത്തിലെ മേധാവികൾ, മേഖലാ മാനേജർമാർ, സപ്ലൈ ഓഫീസർമാർ എന്നിവർക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാനുള്ള സംവിധാനവും കേന്ദ്ര മോണിറ്ററിംഗ് സംവിധാനവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജി.പി.എസ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ സിഡാക്കിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മാർച്ച് 15ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.

Advertisement
Advertisement