രാജ്താക്കറെയുടെ റാലിക്ക് തിരിച്ചടി:ഔറംഗാബാദിൽ നിരോധനാജ്ഞ

Wednesday 27 April 2022 1:48 AM IST

മുംബയ്: മുസ്ലിംപള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിറുത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ മേയ് ഒന്നിന് ഔറംഗബാദിൽ നടത്താനിരുന്ന റാലിക്ക് തിരിച്ചടി. മേയ് ഒമ്പത് വരെ ഔറംഗബാദ് ജില്ലയിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി.

എം.എൻ.എസിന്റെ നേതൃത്വത്തിൽ ഹനുമാൻ ചാലിസ ജപിക്കുന്നത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണിത്. സംസ്ഥാനത്ത് മഹാരാഷ്ട്ര ദിനം, ഈദ്, മറ്റ് ഉത്സവങ്ങൾ എന്നിവ നടക്കുന്നതിനാൽ ക്രമസമാധാനനില കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഉത്തരവ് പ്രകാരം പ്രദേശത്ത് അഞ്ചോ, അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു. ആയുധങ്ങൾ കൈവശം വെക്കുന്നത്, ഉച്ചഭാഷിണിയിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത്, പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ പാട്ടുകൾ വയ്ക്കുന്നത്, പ്രകടനങ്ങളും കുത്തിയിരിപ്പ് സമരവും നടത്തുന്നത് തുടങ്ങിയവയൊന്നും പാടില്ല.

മേയ് മൂന്നിനകം സംസ്ഥാനത്തെ പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനം നൽകിയിരുന്നു. കൂടാതെ അടുത്ത അക്ഷയ ദിനത്തിൽ സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് 'മഹാ ആരതി' നടത്താൻ താക്കറെ തീരുമാനിച്ചിട്ടുണ്ടെന്ന് എം.എൻ.എസ് നേതാവ് നിതിൻ സർദേശായിയും വെളിപ്പെടുത്തിയിരുന്നു.

Advertisement
Advertisement