ഐ.പി.എല്ലും അപകടകരമായ പരസ്യ കളികളും

Wednesday 27 April 2022 12:00 AM IST

അടുത്തകാലത്ത് ഐ.പി.എൽ മത്സരങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്തപ്പോൾ പത്മശ്രീ ലഭിച്ച മൂന്ന് ഇന്ത്യൻ താരങ്ങൾ ഒരു സ്വകാര്യ കമ്പനിയുടെ സുഗന്ധ ഇലയുടെ പരസ്യ പ്രചരണാർത്ഥം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഈ കാഴ്‌ച ജനങ്ങളിൽ ചെറിയ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. അവർ മനസുകളിൽ പ്രതിഷ്ഠിച്ചിരുന്ന നായകന്മാർ ഉപയോഗിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള പുകയില വസ്തുക്കളുടെ പ്രചാരണം നടത്തുന്നു. ഐ.പി.എൽ മത്സരങ്ങൾ നടക്കുന്നതിനിടയിൽ കാണിക്കുന്ന എഴുപതു ശതമാനം പരസ്യങ്ങളും പരിശോധിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. പൈസ വച്ചുള്ള റമ്മികളി, പുകയില വസ്തുക്കൾ ( പാൻ മസാല, ജെർധ, ഗുഡ്ക, ഖൈനി, ഹാൻസ്...ലരേ) എന്നിവയുടെ പരസ്യങ്ങൾ.

ഇന്ത്യ ഗവൺമെന്റ് മുകളിൽ പറഞ്ഞ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഒരു COTPA (Cigerrete and Other Tobocco Products Act) നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിൽ എവിടെയെങ്കിലും അവ വിൽപന നടത്തിയാൽ കർശനമായും പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതാണ് ഈ നിയമം. മാത്രമല്ല ഇതൊക്കെ നിരോധിച്ചതിനുള്ള പ്രധാന കാരണം ഇവയിൽ അസ്പർട്ടയിം (Aspartame) അല്ലെങ്കിൽ നികോട്ടിൻ ( Nicotin) അടങ്ങിയിരിക്കുന്നതിനാലാണ്. ഈ രണ്ടു രാസപദാർത്ഥങ്ങളും ഗവൺമെന്റ് മറ്റ് രാസപദാർത്ഥങ്ങളായ ഹെറോയിൻ, ബ്രൗൺ ഷുഗർ, മരിജ്വാന പോലെ തന്നെ നിരോധിച്ചവയാണ്.

പുകയില വസ്തുക്കളുടെ നിരന്തര ഉപയോഗം മൂലം ഓരോ വർഷവും ഏകദേശം രണ്ടു മുതൽ നാലുലക്ഷം ആളുകൾക്ക് വായിൽ കാൻസർ (oral cancer) വരുന്നു. ഈ കാൻസറിന്റെ ആദ്യ ലക്ഷണങ്ങളെ സബ് മ്യുക്കസ് ഫൈബ്രോസിസ് (Submucous fibrosis) എന്ന് പറയുന്നു. പുകിയില വസ്തുക്കളുടെ അമിത ഉപയോഗം കാരണം നാവ് പോലും ചലിപ്പിക്കാൻ സാധിക്കാതെ വരുന്നു.

ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഈ ലേഖകൻ പുകയില പരസ്യങ്ങളുടെ അതിപ്രസരം കുട്ടികളെ സാരമായി ബാധിക്കുന്നതായി കാണിച്ച് നാലുവർഷം മുൻപ് അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റിന് ഒരു കത്തെഴുതി. അതിന് തൃപ്തികരമായ ഒരു മറുപടി അയയ്‌ക്കാൻ അവർക്ക് സാധിച്ചില്ല. 18 വയസ്സിനു താഴെയുള്ള കുട്ടികൾ ഇത്തരത്തിൽ റമ്മി കളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ട പണത്തിനായി മാതാപിതാക്കളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും പണം നഷ്ടപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങൾ നമ്മൾ കേൾക്കുന്നുണ്ട്. അതേത്തുടർന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഭയവും കാരണം ചില കുട്ടികൾ ആത്മഹത്യ ചെയ്ത കേസുകൾ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി, മലിനീകരണം കുറയ്‌ക്കേണ്ടതിന്റെയും പൊതുസ്ഥലത്ത് ചവർ നിക്ഷേപിക്കാതിരിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം എന്നിവ വ്യക്തമാക്കുന്ന പരസ്യങ്ങളാണ് ഇത്തരം വേദികളിൽ പ്രദർശിപ്പിക്കപ്പെടേണ്ടത്. നിർഭാഗ്യവശാൽ അത് സംഭവിക്കുന്നില്ല. ഇത്തരം പരസ്യപ്രചാരണത്തിന് അതത് വകുപ്പുകളിൽ വേണ്ട ഫണ്ട് ഉണ്ടാകാറില്ല. അതേസമയം ഇതേ ഇടങ്ങളിൽ വലിയ കോർപറേറ്റ് കമ്പനികൾ വൻ തുക മുടക്കി അവർക്ക് ആവശ്യമുള്ള പരസ്യങ്ങൾ ( അത് നിയമവിരുദ്ധമായ ഉത്പന്നങ്ങളുടേതാണെങ്കിൽ പോലും ) കാണിക്കുന്നു.

പാൻമസാല ഉൾപ്പെടെ പുകയില ഉത്‌പന്നങ്ങൾ കുട്ടികൾ മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ആദ്യഘട്ടം മാത്രമാണ്. ഇതിന്റെയൊക്കെ നിരന്തരമായ ഉപയോഗം ഹെറോയിൻ, ബ്രൗൺ ഷുഗർ, കഞ്ചാവ് പോലെയുള്ള മറ്റു ലഹരികളിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നു. എട്ട് മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ പാൻമസാല ഉപയോഗം കൂടി വരുന്നുണ്ട്. കാരണം പാൻ മസാല ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് അവരുടെ നായകന്മാർ പരസ്യങ്ങളിലൂടെ കാണിച്ച് കൊടുക്കുമ്പോൾ അത് ഉപയോഗിക്കാനുള്ള താത്‌പര്യം കുട്ടികളിൽ വർദ്ധിക്കുകയാണ്. പുകയില വസ്തുക്കളുടെ പരസ്യം ടെലിവിഷനിൽ കാണിക്കുന്നത് നിറുത്തലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Advertisement
Advertisement