പാറശാലയിൽ എത്തിയാൽ യാത്രക്കാർ പെരുവഴിയിൽ

Wednesday 27 April 2022 1:44 AM IST

പാറശാല: പാറശാലയിൽ എത്തിയാൽ ബസ് യാത്രക്കാർ പെരുവഴിയിലാവും. പാറശാലയിൽ എത്തി ബസിൽ യാത്ര തുടരാൻ മഴയും വെയിലും കൊള്ളാതെ നിൽക്കണമെങ്കിൽ കടവരാന്തകളെ ആശ്രയിക്കേണ്ടിവരും. പാറശാലയിലെ ജനത്തിരക്കേറിയ ദേശീയ പാതയിലെ പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ എത്തുന്നവർക്ക് എത്ര വലിയ മഴയും വെയിലായാലും അത് വിധിയാണെന് കരുതി അനുഭവിച്ചേ പറ്റൂ. മലയോര മേഖലയായ വെള്ളറട നിന്നും കടലോര മേഖലകളായ പൊഴിയൂരിൽ നിന്നും എത്തുന്ന യാത്രക്കാരും പുറമെ തമിഴ്‌നാടിന്റെ അതിർത്തി മേഖലകളിൽ നിന്നും ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രത്രി പാറശാലയിൽ എത്തി യാത്ര തുടരുന്നത്. ഈ മേഖലകളിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ദിനംപ്രതി എത്തി ജോലിചെയ്യുന്നവരും പാറശാലയെ ആശ്രയിക്കുകയാണ് പതിവ്. ഇത്രയധികം യാത്രക്കാർ ദിനംപ്രതി വന്നുപോകുന്ന ഇവിടെ പ്രധാനമായും തിരുവനന്തപുരത്തേക്കുള്ള ഭാഗത്ത് ബസ് യാത്രക്കാർക്ക് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ സമീപത്തെ കട വരാന്തകളോ ഇടവഴികളോ ആശ്രയിക്കുകയാണ് പതിവ്.

സർക്കാർ എയിഡഡ് മേഖലകളിലായി പഠിക്കുന്ന നാല് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും രാവിലെയും വൈകിട്ടും പാറശാലയിൽ എത്തും. വൈകിട്ട് സ്‌കൂൾ വിട്ടാൽ പാറശാല ജംഗ്‌ഷൻ വിദ്യാർത്ഥികളെ കൊണ്ട് നിറയും. ദേശീയ പാതയുടെ ഓരത്ത് നിൽക്കാറുള്ള വിദ്യാർത്ഥികളുടെ കൂട്ടവും വാഹന പാർക്കിംഗും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകുന്നെന്ന് പൊതുവെ പരാതിയുണ്ട്.

പാറശാലയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് അര നൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. പാറശാല ഗ്രാമ പഞ്ചായത്തിന്റെ ഓരോ ബഡ്‌ജറ്റിലും ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി പ്രത്യേക തുക കണ്ടെത്താറുണ്ടെങ്കിലും പദ്ധതി നടപ്പിലാകാത്തത് കാരണം നീണ്ടു പോവുകയായിരുന്നു. പാറശാലയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുക എന്ന ആവശ്യം നിറവേറ്റുന്നതിനായി ഈ സർക്കാർ അഞ്ച് കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ടെങ്കിലും അതിനുവേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തത് പദ്ധതി അനിശ്ചിതത്വത്തിൽ തുടരുകയാണ്.

Advertisement
Advertisement