മഴ തിമിർ‌ത്ത് പെയ്തിട്ടും ഹോ എന്തൊരു ചൂട്

Thursday 28 April 2022 12:57 AM IST

കോട്ടയം : തുടർച്ചയായി പെയ്ത വേനൽമഴയ്ക്കും ചൂടിനെ ശമിപ്പിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലായി രാവിലെ മുതൽ ജില്ലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 33 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവും ഈ വർഷവും ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 36.8 ഡിഗ്രിയാണ്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. രാത്രികാലങ്ങളിലും ഉഷ്ണമാണ്.

ഇതോടെ വൈദ്യുതി ഉപഭോഗവും എ സി, ഫാൻ തുടങ്ങിയവയുടെ ഉപയോഗവും വില്പനയും വർദ്ധിച്ചു. വിവിധ സ്ഥാപനങ്ങളിൽ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

വെന്തുരുകുന്നു.

ഇരുചക്രവാഹനയാത്രികർ, ഫീൽഡിൽ പ്രവർത്തിക്കുന്നവർ, ഓട്ടോ - ടാക്‌സി തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ചൂടിൽ വെന്തുരുകുകയാണ്. ഇതിനോടൊപ്പം രൂക്ഷമായ ഗതാഗതക്കുരുക്കും കൂടിയാകുമ്പോൾ ജനം ശരിക്കും വലയും. വേനൽ മഴയിൽ വിപണി പിന്നോട്ടായ ശീതളപാനീയ വില്പനയും ചൂട് ഏറിയതോടെ തകൃതിയായി. നാരങ്ങവെള്ളം, സർബത്ത്, കരിക്ക് എന്നിവയ്ക്കാണ് ഡിമാൻഡേറെ. നാരങ്ങായ്ക്ക് വില കൂടിയെങ്കിലും പലരും അത് കാര്യമാക്കുന്നില്ല.

Advertisement
Advertisement