വായ്പ നൽകാമെന്ന് പറ‌ഞ്ഞ് രണ്ടുലക്ഷം തട്ടിയ യുവാവ് പിടിയിൽ

Thursday 28 April 2022 12:48 AM IST

നിരവധി തട്ടിപ്പുകേസുകളിൽ പ്രതി

ചെങ്ങന്നൂർ: മൈക്രോഫിനാൻസ് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിരവധി തട്ടിപ്പുകേസുകളിലെ പ്രതി പിടിയിലായി. പള്ളിപ്പാട് നടുവട്ടം ചക്കാലക്കിഴക്കേതിൽ സന്ദീപ് (ആമ സന്ദീപ് -43) ആണ് പിടിയിലായത്. മൂന്നു ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് പത്തുപേരിൽ നിന്നായി 20,000 രൂപ വീതം തട്ടിയെടുത്തു. പണം നഷ്ടമായവർ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയതിനെതിരെ ഇയാൾക്കെതിരെ ഹരിപ്പാട്, പത്തനംതിട്ട, ചാവക്കാട്, കുന്നംകുളം സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-. മികച്ച വസ്ത്രധാരണം നടത്തി എത്തുന്ന സന്ദീപ് മാന്യമായ പെരുമാറ്റത്തിലൂടെയാണ് ആളുകളെ പറ്റിക്കുന്നത്. കടകളിൽ നടത്തുന്ന തട്ടിപ്പിൽ സാധനങ്ങൾ ഓർഡർ ചെയ്ത ശേഷം ഉടമയിൽ നിന്ന് പണം കടം വാങ്ങി മുങ്ങുന്നതാണ് പതിവ്. രണ്ടാഴ്ച മുൻപ് മാവേലിക്കരയിലെ സിമന്റ് കടയിൽ കയറി ഓർഡർ നൽകി സിമന്റ്, പിക്കപ്പ് വാനിൽ കയറ്റി. തുടർന്ന് മറ്റൊരു സാധാനം വാങ്ങാനുണ്ടെന്നു പറഞ്ഞു് വാൻ ഡ്രൈവറോട് 5000 രൂപ കടം വാങ്ങി മുങ്ങി. . ചെങ്ങന്നൂരിലെ ഹോട്ടലിൽ നിന്ന് 7000 രൂപയുടെ ഭക്ഷണം പാഴ്‌സലായി ഓർഡർ ചെയ്തശേഷം സമീപത്തെ എ.ടി.എം കൗണ്ടറിൽ നിന്ന് പണമെടുത്തു വരാമെന്നു പറഞ്ഞ് കടയുടമയിൽ നിന്ന് 3000 രൂപ വാങ്ങി മുങ്ങി. നാലു തവണ വിവാഹം കഴിച്ചിട്ടുള്ള സന്ദീപിനൊപ്പം ചില തട്ടിപ്പുകളിൽ നാലാം ഭാര്യയും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. ചെറിയ തുകകളിൽ തുടങ്ങുന്ന സന്ദീപിന്റെ തട്ടിപ്പുകളിൽ പലരും പരാതിയുമായി മുന്നോട്ടുവരാത്തത് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. പ്രതിയെ റിമാൻ‌ഡ് ചെയ്തു.

Advertisement
Advertisement