ആശിഷ് മിശ്രയുടെ ജാമ്യം ജഡ്ജി പിന്മാറി

Wednesday 27 April 2022 10:52 PM IST

ന്യൂഡൽഹി:ലഖിംപൂർ ഖേരി കൊലക്കേസിൽ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിൽ നിന്നും അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് രാജീവ് സിംഗ് പിന്മാറി. 2022 ഫെബ്രുവരി 10 ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് സിംഗിന്റെ ബെഞ്ച് ആയിരുന്നു ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയെ തുടർന്ന് സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനും ഇരകളുടെ വാദം കേൾക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കാതിരുന്നതിനെ കോടതി വിമർശിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന എസ്.എ.ടിയും അപ്പീൽ നൽകണമെന്ന് യു പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് രാജീവ് സിംഗ് വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയതോടെ ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചിന് രൂപം നൽകും.

Advertisement
Advertisement