തഞ്ചാവൂരിൽ രഥ ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 മരണം

Thursday 28 April 2022 1:56 AM IST

ചെന്നൈ : തമിഴ്നാട്ടിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് 11 പേർ മരിച്ചു. പരിക്കേറ്റ 15 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും.

തഞ്ചാവൂരിലെ കാളിമേട് ക്ഷേത്രത്തിലെ ചിത്തിര മഹോത്സവത്തിനിടെ ഇന്നലെ പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം ക്ഷേത്രത്തിന്റെ നടവഴിയിൽനിന്ന് പ്രധാനറോഡിലേക്ക് കയറുന്ന വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. വൈദ്യുത കമ്പിയിൽ രഥത്തിന്റെ മുകൾഭാഗം തട്ടിയതിനെ തുട‌ർന്നുണ്ടായ വൈദ്യുത പ്രവാഹത്തിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചു വീണു. രഥം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ജില്ലാ അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അതേ സമയം സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച അദ്ദേഹം ചികിത്സാധനസഹായമായി 50000 - 1 ലക്ഷം വരെ നല്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
Advertisement