പൊലീസ് അന്വേഷിച്ചെത്തിയ 'പോക്സോ പ്രതി' അരമണിക്കൂറിനുള്ളിൽ മരിച്ചനിലയിൽ

Thursday 28 April 2022 3:58 AM IST

കോഴിക്കോട്: പൊലീസ് അന്വേഷിച്ചെത്തിയ പോക്സോ കേസിലെ പ്രതിയെ അരമണിക്കൂറിനുള്ളിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്ത് വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ ജിഷ്ണു(28) വാണ് മരിച്ചത്. തലയ്ക്കും വാരിയെല്ലിനും പരിക്കുണ്ടെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർ മഫ്ടിയിൽ വിഷ്ണുവിന്റെ വീട്ടിലെത്തിയത്. വയനാട്ടിലെ ഒരു പെൺകുട്ടിയുടെ പരാതിയിൽ കല്പറ്റ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് അമ്മ ഗീതയുടെ ഫോണിൽ പൊലീസ് ജിഷ്ണുവുമായി ബന്ധപ്പെട്ടു. താൻ തൊട്ടടുത്ത് തന്നെയുണ്ടെന്നും ഉടൻ എത്താമെന്നും അറിയിച്ചു. പൊലീസുകാർ വീട്ടിൽ നിന്ന് മടങ്ങിപ്പോവുകയും ചെയ്തു. എന്നാൽ 9.30 ഓടെ വീടിനും ജിഷ്ണു ഉണ്ടെന്നും പറഞ്ഞ സ്ഥലത്തിനും മദ്ധ്യേ റോഡരികിൽ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. ചെവിയിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു. അതുവഴി വന്ന ഒരു ഓട്ടോറിക്ഷക്കാരൻ ഉടൻ തൊട്ടടുത്തുള്ള കോയാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് ജിഷ്ണു മരിച്ചിരുന്നു.

മുണ്ടേരിയിൽ ഒരു പെൺകുട്ടിയുമായുള്ള തർക്കത്തിൽ കൈയിൽ കയറി പിടിച്ചതിനാണ് കേസെന്ന് പിന്നീടാണ് വ്യക്തമായത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന ജിഷ്ണു കൊവിഡ് കാലത്താണ് നാട്ടിൽ തിരിച്ചെത്തിയത്. ഒരു ബന്ധുവിനെ അവരുടെ വീട്ടിൽ കൊണ്ടുവിടാനാണ് വയനാട്ടിലേക്ക് പോയത്. ഇപ്പോൾ ഇന്റീരിയർ ഡിസൈനർ ആയി ജോലി ചെയ്തുവരികയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ജിഷ്ണുവിന്റെ പിതാവ് ആവശ്യപ്പെട്ടു. ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നല്ലളം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ദുരൂഹമരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ അറിയിച്ചു. മെഡിക്കൽ കോളേജിൽ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Advertisement
Advertisement