തീർത്ഥാടന നവതി

Thursday 28 April 2022 12:00 AM IST

ഭാരതത്തിൽ ശിവഗിരിയുടെ സവിശേഷസ്ഥാനം അടയാളപ്പെടുത്തുന്ന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ സുവർണ ജൂബിലിയുടെയും സംയുക്ത ആഘോഷ പരിപാടികൾ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയത്. ഒരുവർഷം നീളുന്ന ഭാരതയാത്ര ഉൾപ്പെടെയുള്ള പരിപാടികളുടെ ലോഗോ പ്രകാശനവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സ്വാമിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു.

ശിവഗിരിയെക്കുറിച്ച് സ്വന്തം അനുഭവത്തിൽ നിന്നാണ് പ്രധാനമന്ത്രി സംസാരിച്ചത്. രണ്ടുതവണ അദ്ദേഹം ശിവഗിരി സന്ദർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും. ശിവഗിരി സന്ദർശിച്ചപ്പോഴെല്ലാം അവിടത്തെ പവിത്രമായ ആദ്ധ്യാത്മികതയുടെ ഉൗർജ്ജം അനുഭവിക്കാൻ കഴിഞ്ഞെന്ന് തുറന്നു പറഞ്ഞ അദ്ദേഹം ദക്ഷിണകാശിയെന്നാണ് ശിവഗിരിയെ വിശേഷിപ്പിച്ചത്.

ഒരേസമയം ഭാരതീയതയുടെയും മതേതരത്വത്തിന്റെയും ഉൗർജ്ജം പ്രസരിപ്പിക്കുന്ന കേന്ദ്രമാണ് ശിവഗിരി. അങ്ങനെയുള്ള അധികം കേന്ദ്രങ്ങൾ ഇന്ത്യയിലില്ല. ലോകാ സമസ്‌ത സുഖിനോ ഭവന്തു എന്ന ആപ്‌തവാക്യം വാക്കിലും പ്രവൃത്തിയിലും ഒരേപോലെ പൂർത്തീകരിക്കാൻ കഴിയുംവിധമാണ് ശിവഗിരിയെ ഗുരുദേവൻ വാർത്തെടുത്തത്. മതത്തിന്റെ പേരിൽപ്പോലും വൈരുദ്ധ്യ ചിന്താഗതികളും വിദ്വേഷപ്രചാരണങ്ങളും ഏറ്റുമുട്ടുന്ന ഇന്നത്തെക്കാലത്ത് ഗുരുവിന്റെ വഴിയുടെ പ്രസക്തി അത്യധികം വർദ്ധിച്ചിരിക്കുകയാണ്.

തിന്മകളുടെയും അന്ധവിശ്വാസങ്ങളുടെയും ജാതിവെറിയുടെയും മറ്റും അടിസ്ഥാനം അറിവില്ലായ്മയാണെന്നും അറിവിലേക്കുള്ള തീർത്ഥാടനമാകണം മനുഷ്യന്റെ ജീവിതമെന്നുമാണ് ഗുരു ചൂണ്ടിക്കാട്ടിയത്. അതിന്റെ പ്രതീകാത്മകമായ പ്രാർത്ഥനാ യാത്രയാണ് ശിവഗിരി തീർത്ഥാടനം. അറിവിന്റെ കണങ്ങൾ കേന്ദ്രീകരിക്കപ്പെട്ട സവിശേഷമായ ഇടമാണ് ഗുരുവിന്റെ സമാധിസ്ഥാനം കൂടിയായ ശിവഗിരി. അതിനാൽ അവിടേക്കുള്ള യാത്ര അറിവിലേക്കുള്ള യാത്രയാണ്. അറിവിലേക്കെത്താൻ വേണ്ട പ്രായോഗികകേന്ദ്രം എന്ന നിലയിലാണ് ബ്രഹ്മവിദ്യാലയത്തിന് ഗുരുദേവൻ രൂപം നൽകിയതും തറക്കല്ലിട്ടതും. ഗുരുവിന്റെ സമാധിക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ബ്രഹ്മവിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്. അഭിവന്ദ്യനായ സംസ്‌കൃത പണ്ഡിത ശ്രേഷ്ഠൻ എം.എച്ച്. ശാസ്‌ത്രികളായിരുന്നു ആദ്യ അദ്ധ്യാപകൻ. എടുക്കുന്തോറും നിറയുന്ന അമൃതകലശങ്ങളായ ഗുരുദേവകൃതികൾ വ്യാഖ്യാനിച്ച് പഠിപ്പിക്കുന്ന അദ്ധ്യയനമാണ് ബ്രഹ്മവിദ്യാലയത്തിൽ മറ്റ് പല ആദ്ധ്യാത്മിക പഠനത്തിനൊപ്പം ഇന്നും തുടരുന്നത്.

ആഘോഷപരിപാടികളുടെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കോർത്തിണക്കി ഭാരതയാത്ര സംഘടിപ്പിക്കാൻ ധർമ്മസംഘം ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ദേശീയവും അന്തർദേശീയവുമായ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദർശനവുമായി ബന്ധപ്പെട്ട് ഇംഗ്ളീഷിലടക്കം പ്രസിദ്ധീകരിക്കുന്ന മികച്ച സാഹിത്യകൃതികൾക്ക് അഞ്ചുലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്താനുള്ള തീരുമാനം അക്ഷരസ്നേഹികൾക്കെല്ലാം ആഹ്ളാദം പകരുന്നതാണ്. ഇതോടൊപ്പം ഗുരുദർശന പ്രചാരണത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും അറിഞ്ഞ് ആദരിക്കുന്ന പ്രധാനമന്ത്രി മോദി മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എപ്പോഴും മുന്നിലാണെന്ന് ചടങ്ങിൽ ധർമ്മസംഘം പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത് അവസരോചിതമായി.

ശ്രീനാരായണ ഗുരു ലോകത്തിന് നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാരതത്തെ വാർത്തെടുക്കുമെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകൾ അഭിമാനകരമാണെന്ന് സ്വാമി സച്ചിദാനന്ദ എടുത്തു പറഞ്ഞു. ഗുരുദേവദർശനം ഭാരതത്തിന് ലോകരാജ്യങ്ങളുടെ മുന്നിൽ ആത്മദൃഢതയോടെ മുന്നോട്ട് ഗമിക്കാൻ ഏറ്റവും വലിയ ഉൗർജ്ജപ്രവാഹമായി മാറട്ടെ എന്ന് ഈ ആഘോഷവേളയിൽ ആശംസിക്കുന്നു.

Advertisement
Advertisement