മൊബൈൽ ആപ്പുമായി സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ വാഹനങ്ങൾ വഴിവിട്ടാൽ പിടിവീഴും

Thursday 28 April 2022 12:14 AM IST

തൃശൂർ: റേഷൻ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾ വഴിവിട്ട് സഞ്ചരിച്ചാൽ പിടികൂടാൻ മൊബൈൽ ആപ്പുമായി സിവിൽ സപ്ലൈസ് വകുപ്പ്. റേഷൻ കടകളിലേക്ക് പോകുന്ന വാഹനങ്ങൾ വഴിമദ്ധ്യേ റൂട്ട് മാറി സഞ്ചരിക്കുകയും മായം കലർത്തുകയും മറിച്ചു വിൽക്കുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമാകുന്നതിനാലാണ് നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.

ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ, സഞ്ചാരപാത, സമയം എന്നിവ കൃത്യമായി സപ്ലൈ ഓഫീസിലെ ആപ്പിലൂടെ വ്യക്തമാകും. എഫ്.സി.ഐ, സി.എം.ആർ മില്ലുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിച്ചശേഷം റേഷൻ കടകളിലേക്ക് വാതിൽപ്പടി സേവനം എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കൊണ്ടുപോകുന്ന ഭക്ഷ്യധാന്യങ്ങൾ മുഴുവൻ റേഷൻ കടകളിൽ എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇവ കരിഞ്ചന്തയിൽ മറിച്ച് വിൽക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്.

  • ജില്ലയിലെ റേഷൻ കടകൾ - 1200
  • ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾ - 35


ഉദ്ഘാടനം ഇന്ന്

മൊബൈൽ ആപ്‌ളിക്കേഷൻ വർത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി ജി. അനിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സപ്‌ളൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഡിജിറ്റൽ മാഗസിൻ പ്രകാശനം മന്ത്രി ആർ. ബിന്ദു നിർവഹിക്കും. കെ. രാധകൃഷ്ണൻ മുഖ്യാത്ഥിയാകും.
മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജോയിസ് ബെന്നി, സാബുപോൾ, വി.ജെ. ആശ, അഭിലാഷ് ബാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement