മനുഷ്യനിൽ ആദ്യമായി എച്ച് 3 എൻ 8 വൈറസ് ബാധ, കണ്ടെത്തിയത് ചൈനയിൽ

Thursday 28 April 2022 3:17 AM IST

ബീജിംഗ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച് 3 എൻ 8 വകഭേദം മനുഷ്യനിൽ കണ്ടെത്തി. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ നാലു വയസുകാരനിലാണ് രോഗം കണ്ടെത്തിയതെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരിൽ പരിശോധനകൾ നടത്തിയെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല.

ഈ മാസമാദ്യമാണ് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ വീട്ടിൽ വളർത്തുകോഴികളുണ്ടായിരുന്നെന്നും മേഖലയിൽ ധാരാളം കാട്ടുതാറാവുകൾ കാണപ്പെടുന്നുണ്ടെന്നും അധികൃതർ പറയുന്നു. കുട്ടിയ്ക്ക് കോഴിയിൽ നിന്ന് നേരിട്ട് രോഗം പകർന്നെന്നാണ് നിഗമനം.

ഇത് വളരെ അപൂർവമാണെന്നും മനുഷ്യരിൽ വലിയ തോതിൽ എച്ച് 3 എൻ 8 വ്യാപന സാദ്ധ്യത കുറവാണെന്നും ചൈനീസ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. രോഗം ബാധിച്ചതും ചത്തതുമായ പക്ഷികളിൽ നിന്ന് അകലം പാലിക്കണമെന്നും പനിയോ ശ്വാസകോശ രോഗങ്ങളോ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.

 എച്ച് 3 എൻ 8


 2002ൽ വടക്കേ അമേരിക്കയിലെ ജലപക്ഷികളിൽ ആദ്യമായി കണ്ടെത്തി

 കുതിരകളിലും നായകളിലും സീലുകളിലും കണ്ടെത്തിയിട്ടുണ്ട്

 കാട്ടുപക്ഷികൾക്കും കോഴികൾക്കും രോഗ സാദ്ധ്യത

Advertisement
Advertisement