താഴ്‌വാരത്തിലെ വില്ലൻ; നടൻ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

Thursday 28 April 2022 5:56 PM IST

മുംബയ്: സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത സുഭഹ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സലിം ശ്രദ്ധേയനാകുന്നത്. പിന്നീട് ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഘോജ് എന്ന പരമ്പരയിൽ ടിപ്പു സുൽത്താനായി എത്തിയും ഏറെ പ്രശംസ ഏറ്റുവാങ്ങി. സിനിമകളെക്കൂടാതെ ജനപ്രീതി കൂടുതൽ നേടിയതും പരമ്പരകളിലൂടെയായിരുന്നു.

ചെന്നൈയിൽ ജനിച്ച സലിം ക്രൈസ്റ്റ് സ്കൂളിലും പ്രസിഡൻസ് കോളേജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദവും സ്വന്തമാക്കി. 1978ൽ പുറത്തെത്തിയ സ്വർഗ് നരഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ദ്രോഹി, കൊയ്‌ലാ, സോൾജ്യ‌ർ, അക്‌സ്, ഇന്ത്യൻ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വെട്രി വിഴാ, ചിന്ന ഗൗണ്ടർ, തിരുടാ തിരുടാ എന്നിവയാണ് സലിം വേഷമിട്ട തമിഴ് ചിത്രങ്ങൾ.

എംടിയുടെ തിരക്കഥയിൽ 1990ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രമായ താഴ്‌വാരത്തിലൂടെയാണ് മലയാളികൾക്ക് സലിമിനെ പരിചയം. മോഹൻലാൽ നായകനായ ചിത്രത്തിൽ പ്രതിനായകനായിരുന്നു സലിം. പിന്നീട് ഉടയോൻ എന്ന ചിത്രത്തിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.ഹോളിവുഡ് ചിത്രം ദ് ലയണ്‍ കിംഗില്‍ സ്കാര്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയും അദ്ദേഹം ഏറെ കയ്യടി നേടിയിരുന്നു.

Advertisement
Advertisement