സലീം ഘൗസ്,​ മറക്കുമോ താഴ്വാരത്തിലെ വില്ലനെ

Friday 29 April 2022 6:20 AM IST

അതുല്യ പ്രതിഭയായ നടനായിരുന്നു ഇന്നലെ അന്തരിച്ച സലീം ഘൗസ്

എം.ടിയുടെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത താഴ് വാരത്തിൽ മോഹൻലാലിന്റെ ബാല്യകാല സുഹൃത്തായ രാജുവെന്ന രാഘവനെ അവതരിപ്പിച്ച സലീം ഘൗസിനെ പ്രേക്ഷകർ അത്രവേഗം മറന്നിട്ടുണ്ടാവില്ല. "ബാലാ ബാല ..എന്നു വിളിച്ച് പുഞ്ചിരിയോടെ നടക്കുന്ന ക്രൂരനായ വില്ലൻ".ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അതിലും മികച്ചൊരു നടനെ കിട്ടാനില്ല.അത്ര ഉജ്ജ്വലമായ അഭിനയമാണ് സലീം ഘൗസ് കാഴ്ചവച്ചത്.എന്നാൽ സലീം ഘൗസ് എന്ന നടനെ വിശേഷിപ്പിക്കാൻ ആ ചിത്രം മാത്രം പോര. പ്രതിഭാശാലിയായ നടനാണ് ഇന്നലെ മുംബൈയിൽ അന്തരിച്ച സലീം ഘൗസ് .മണിരത്നത്തിന്റെ തിരുട തിരുടയിൽ റിസർവ്വ് ബാങ്ക് പണം അടിച്ചുമാറ്റുന്ന വിക്രം എന്ന കഥാപാത്രമായി സലീം ഘൗസ് തിളങ്ങി.

ശ്യാം ബെനഗലിന്റെ വിഖ്യാതമായ ഭാരത് ഏക് ഖോജ് എന്ന ടെലിവിഷൻ സീരീസിൽ രാമനെയും കൃഷ്ണനെയും അടക്കം വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സലീം ഘൗസ് ശ്രദ്ധേയനായി.സ്വർഗ് നരക് എന്ന ചിത്രത്തിലൂടെ 1978 ലാണ് ഘൗസ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.പിന്നീട് ചക്രയിലടക്കം വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു.മന്താൻ ,കലിയുഗ്,ആഘാത് ,സർദാരിബീഗം എന്നിങ്ങനെ സമാന്തര സിനിമകളിലും വാണിജ്യസിനിമകളിലും ഒരുപോലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തിയറ്റർ പ്രസ്ഥാനത്തിലെ കരുത്തൻ

തിയറ്റർ പ്രസ്ഥാനത്തിലെ കരുത്തനായ നടനായിരുന്നു സലീം ഘൗസ്. ഇന്റർനാഷണൽ ഫിലിം സർക്യൂട്ടിലും വ്യക്തി മുദ്ര പതിപ്പിച്ചു.കിം, ദി പെർഫെക്ട് മർഡർ, ദി ഡിസീവേഴ്സ് ,ദി മഹാരാജാസ് ഡോട്ടർ ,ഗെറ്റിംഗ് പേഴ്സണൽ എന്നീ ഇംഗ്ളീഷ് ചിത്രങ്ങൾ എടുത്തുപറയേണ്ടതാണ്.ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചതെന്ന് ഭാര്യ അനിതാ സലീം പറഞ്ഞു.

. 'സഹതാപം ഇഷ്ടമായിരുന്നില്ല.ജീവിതം മുന്നോട്ടെന്ന കാഴ്ചപ്പാടായിരുന്നു.ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു.വേദന അനുഭവിച്ചില്ല.മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നില്ല.അങ്ങനെ ഒരു കാര്യം അദ്ദേഹത്തിന് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല.ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അസാധ്യ നടൻ ,ആയോധന കലകളിൽ വിദഗ്ധൻ, സംവിധായകൻ, അടുക്കളയിൽ മികച്ച പാചകക്കാരൻ"--ഗുഡ് ബൈ സലീം.ഭാര്യ പറഞ്ഞു.

Advertisement
Advertisement