മദ്ധ്യവയസ്കനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തള്ളി

Thursday 28 April 2022 10:35 PM IST
മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീരഞ്ജ്

കണ്ണൂർ: കണ്ണൂരിൽ ക്വട്ടേഷൻ സംഘം മദ്ധ്യവയസ്‌കനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടു മർദ്ദിച്ച് അവശനാക്കിയതിനു ശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ കണ്ണൂർ ചാലാട് സ്വദേശി ശ്രീരഞ്ജൻകണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചക്ക് 12മണിക്കാണ്‌ കേസിനാസ്പദമായ സംഭവം.

ചാലാട്ടെ വീട്ടിൽ നിൽക്കുകയായിരുന്ന ശ്രീരഞ്ജനെ മിന്നൽ മുരളിയെന്ന് പുറകിലൊട്ടിച്ച ആൾട്ടോ കാറിലെത്തിയ മൂന്നംഗ സംഘം പിടിച്ചിറക്കി ഒരു വീട്ടിൽ എത്തിച്ച് കെട്ടിയിട്ടു മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ശ്രീഞ്ജന്റെ താടിയെല്ല് തകർന്നു. ദേഹമാസകലം മർദ്ദനത്തിൽ പരുക്കേറ്റ ഇയാളെ ബസ്‌സ്റ്റാൻഡിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി പറയാൻ നൂറുൂരൂപ കീശയിൽ തിരുകി നൽകിയതിനു ശേഷമാണ് സംഘം സ്ഥലംവിട്ടത്. ശ്രീരഞ്ജൻ ഫോണിൽ വിളിച്ചതിനു ശേഷമെത്തിയ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ ശ്രീരഞ്ജന്റെ മരുമകളുടെ ഭർത്താവ് അഴീക്കോട് ആറാം കോട്ടം നാലുമുക്ക് കക്കിരിഹൗസിൽ പി.വി രഞ്ജിത്ത് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. മരുമകളുമായുള്ള വിവാഹമോചന കേസ് നടത്തിവരികയായിരുന്ന രഞ്ജിത്ത് കുമാർ ആറാംകോട്ടത്തെ തന്റെ മരമില്ലിനു മുകളിൽ മറ്റൊരു സ്ത്രീയുമായി താമസിക്കുന്നത് ചോദ്യം ചെയ്തതിന് ശ്രീരഞ്ജിന് ഇയാളിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ശ്രീരഞ്ജിനെ മാത്രമല്ല ഇയാളുടെ രണ്ടു പെൺമക്കളെയും അപായപ്പെടുത്തുമെന്ന് രഞ്ജിത്ത് കുമാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിനെ തുടർന്നാണ് അക്രമമുണ്ടായതെന്ന് ശ്രീരഞ്ജിന്റെ ഭാര്യയും കണ്ണൂർ സിവിൽ സ്‌റ്റേഷനിലെ പോസ്റ്റുമാസ്റ്ററുമായ ജ്യോതി നൽകിയ പരാതിയിൽ പറയുന്നു. രഞ്ജിത്ത് കുമാറിന്റെ വീട്ടിലെത്തിച്ചാണ് ഭാര്യയുടെ അമ്മാവനായ ശ്രീരഞ്ജിനെ തല്ലിച്ചതെന്നാണ് പരാതി. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയാണ് കുറ്റാരോപിതനായ രഞ്ജിത്ത് കുമാറിനെ അറസ്റ്റു ചെയ്തത്. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement