മാടായി ഗവ:ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഭൂമി കൈയേറ്റം: അളന്നുതിട്ടപ്പെടുത്തി തുടങ്ങി;തുടർനടപടി വൈകില്ല

Thursday 28 April 2022 11:03 PM IST
മാടായി ഗവ. ബോയ്സ് ഹൈസ്കൂളിന്റെ കളിസ്ഥലമായ എരിപുരം പാളയം ഗ്രൗണ്ട് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് പരിശോധിക്കുന്നു

പഴയങ്ങാടി:മാടായി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ടേമുക്കാൽ ഏക്കറിലധികം ഭൂമി കൈയേറിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുപിടിക്കൽ നടപടി തുടങ്ങി.പയ്യന്നൂർ തഹസിൽദാർക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് രണ്ടര മാസത്തിന് ശേഷം ഭൂമി അളന്ന് തിട്ടപ്പെടുത്തൽ ആരംഭിച്ചത്.

ആദ്യ ഘട്ടമായി കളിസ്ഥലം ഉൾപ്പെടുന്ന ഭാഗങ്ങൾ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്നു.താലൂ ക്ക് സർവേയർ ടി.ടി.വി.സന്തോ ഷ് കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് അളന്നത്. കൈയേറ്റത്തിന്റെ റിപ്പോർട്ട് പയ്യന്നൂർ തഹസിൽദാർക്ക് കൈമാറും. കൈയേറ്റക്കാർക്ക് നോട്ടീസ് നൽകി വിപുലമായ പരിശോധന വീണ്ടും നടത്തും. സ്ഥലം കൈയേറിയ സംഭവത്തിൽ നടപടി വൈകുന്നന് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

മാടായി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉൾപ്പെടെ ഫെബ്രുവരി 9ന് സ്ഥലം സന്ദർശിച്ചിരുന്നു. പിന്നാലെ ഭൂമി കൈയേറ്റത്തെ കുറിച്ച് മാടായി വില്ലേജ് അധികൃതർ റിപ്പോർട്ട് നൽകുകയായിരുന്നു.

അഞ്ചേക്കർ 2.25ഏക്കറായി ചുരുങ്ങി

മാടായിപ്പാറയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കായിക പരിശീലനത്തിനും ഉപജില്ല കായിക മത്സരങ്ങൾക്കും ഉപയോഗിക്കുന്ന എരിപുരം പാളയം ഗ്രൗണ്ട് ഉൾപ്പടെ സ്കൂളിന് ഇവിടെ അഞ്ച് ഏക്കർ ഭൂമിയുണ്ടായിരുന്നു. പല സമയങ്ങളിൽ പലരും കൈയേറിയതിനാൽ ഇപ്പോൾ രണ്ടേക്കർ ഇരുപത്തി അഞ്ച് സെൻറ് സ്ഥലം മാത്രമേ ഉള്ളൂ. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപ ചെലവിട്ട് ജില്ലയിലെ മാതൃക സ്പോർട്സ് വില്ലേജ് സ്ഥാപിക്കാനായി ഭൂമി അളന്നു നോക്കിയപ്പോഴാണ് പകുതിയിലധികം ഭൂമിയുടെ കുറവ് കണ്ടത്.

ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ് ഹയർ സെക്കൻഡറി സ്ക്കൂളും ആസ്തികളും.താലൂക്ക് സർവേർ അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം ഭൂമി തിരിച്ച് പിടിക്കുവാനുള്ള നിയമ നടപടി സ്വീകരിക്കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ

Advertisement
Advertisement