മുഖത്തടി, മുട്ടയേറ്, തക്കാളിയേറ്... മാക്രോണിന്റെ സമയം ശരിയല്ല !

Friday 29 April 2022 3:23 AM IST

പാരീസ് : മുഖത്തടി, പിന്നെ മുട്ടയേറ്, ഇപ്പോഴിതാ തക്കാളിയേറും.! പൊതുജനങ്ങൾക്കിടെയിൽ നിന്ന് വീണ്ടും അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വരുന്നിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്.

ഫ്രഞ്ച് പ്രസിഡൻഷ്യൽ ഇലക്ഷനിൽ തുടർച്ചയായ രണ്ടാം തവണയും വിജയിച്ച ശേഷം ആദ്യമായി പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയപ്പോഴാണ് മാക്രോണിന് നേരെ തക്കാളിയേറുണ്ടായത്. വടക്കുപടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ സെർഗിയിൽ ബുധനാഴ്ചയാണ് സംഭവം.

ആൾക്കൂട്ടത്തിന് ഹസ്തദാനം നൽകവെയായിരുന്നു അക്രമി മാക്രോണിന് നേരെ തക്കാളികൾ എറിഞ്ഞത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കുട നിവർത്തി മാക്രോണിന് സംരക്ഷണം ഒരുക്കുകയും തക്കാളിയെറിഞ്ഞയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാക്രോണിനെ ഉടൻ തന്നെ ഇവിടെ നിന്ന് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

കഴിഞ്ഞ വർഷം ജൂണിലാണ് തെക്കൻ ഫ്രാൻസിലെ ഡ്രോമിൽ കൊവിഡ് രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധികൾ നേരിട്ട് വിലയിരുത്തുന്നതിനിടെ ഹസ്തദാനവുമായി എത്തിയ മാക്രോണിനെ ആളുകൾക്കിടെയിൽ നിന്ന ഒരാൾ മുഖത്തേക്ക് ആഞ്ഞടിച്ചത്. പിന്നാലെ സെപ്റ്റംബറിൽ ഒരു വ്യാപാര മേള സന്ദർശിക്കവെയാണ് ഒരാൾ മാക്രോണിന് നേരെ മുട്ടയെറിഞ്ഞത്. അത് അദ്ദേഹത്തിന്റെ തോളിൽ പതിച്ചിരുന്നു.

2016ൽ ധനമന്ത്രിയായിരിക്കെ മുട്ടയും പച്ചക്കറികളും മാക്രോണിന് നേരെ പ്രതിഷേധക്കാരെറിഞ്ഞിരുന്നു. 2017ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരിക്കെയും മാക്രോണിന് നേരെ മുട്ടയേറുണ്ടായിരുന്നു.

Advertisement
Advertisement