സംവരണ വിഷയത്തിലെ സ്വാഗതാർഹമായ ഉത്തരവ്

Saturday 30 April 2022 12:00 AM IST

സംവരണമെന്ന ആശയത്തെ എതിർത്തിരുന്നവർ ആദ്യകാലത്ത് ഉയർത്തിയ പ്രധാന വിമർശനം യോഗ്യതക്കുറവുള്ളവർ നിയമിക്കപ്പെടുന്നത് മേഖലയുടെ ഗുണമേന്മയെ ബാധിക്കും എന്നതായിരുന്നു. ശാസ്‌ത്ര സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമായും ഈ ആരോപണം ഉയർത്തിയത്. എന്നാലിത് വെറും ഭാവനാ ഭീതിയാണെന്നും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയത്. ശാസ്‌ത്രമേഖലയിലുൾപ്പെടെ തികഞ്ഞ വൈദഗ്ദ്ധ്യവും ബുദ്ധികൂർമ്മതയും ആവശ്യമുള്ള എല്ലാ മേഖലകളിലും പിന്നാക്കവിഭാഗങ്ങളിൽ നിന്നുള്ളവർ തലയെടുപ്പോടെയും മികവോടെയും പ്രവർത്തിക്കുന്നുണ്ട്. അവസരം ലഭിക്കാത്തതിന്റെ പ്രശ്നങ്ങളേ അവർക്കുണ്ടായിരുന്നുള്ളൂ. നൂറ്റാണ്ടുകളായി പള്ളിക്കൂടത്തിന്റെയും അധികാരത്തിന്റെയും അകത്തളങ്ങളിൽ കയറ്റാതെ സാമൂഹ്യനീതി നിഷേധിക്കപ്പെട്ട വിഭാഗങ്ങൾക്ക് ജനാധിപത്യ സർക്കാരുകൾ നൽകിയ നീതിയുക്തമായ അവകാശമാണ് സംവരണം.

സംവരണത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനവും സർക്കാർ ജോലിയും ലഭിക്കുന്നവർ കഴിവിന്റെ കാര്യത്തിൽ ആർക്കും പിന്നിലല്ലെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതിന് ശേഷമാണ് സംവരണത്തെ എതിർത്തിരുന്ന മുന്നാക്കവിഭാഗങ്ങൾ പോലും തങ്ങൾക്കും സംവരണം വേണമെന്ന ആവശ്യം ഉയർത്തിയത്. ഇപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് പത്തുശതമാനം സംവരണം നടപ്പാവുകയും ചെയ്തു. പൊതുവിഭാഗത്തിന്റെ ആനുകൂല്യം ഭൂരിപക്ഷവും മുന്നാക്ക വിഭാഗക്കാർക്കാണ് ലഭിക്കുന്നത്. ഇതിന് പുറമേയാണ് പത്തുശതമാനം സംവരണത്തിന്റെ ആനുകൂല്യവും ലഭിക്കുന്നത്. പൊതുവിഭാഗമെന്നാൽ മെരിറ്റിൽ ഏറ്റവും മുന്നിൽ വരുന്നവർ ഉൾപ്പെടുന്ന വിഭാഗമെന്നാണ് നിയമമെങ്കിലും പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഉയർന്ന മാർക്ക് നേടുന്നവരെ പൊതുവിഭാഗത്തിൽ പരിഗണിക്കാതെ സംവരണ വിഭാഗത്തിൽ മാത്രം ഉൾപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട അവസരങ്ങൾ കുറയ്ക്കാനിടയാക്കും. ഈ അനീതി പാടില്ലെന്ന് ഒരു സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സ്വാഗതാർഹവും നീതിയുക്തവുമാണ്.

ഇവിടെ പി.എസ്.സിയുടെ നിയമനങ്ങളിൽപ്പോലും മെരിറ്റിൽ മുന്നിലെത്തുന്ന പിന്നാക്ക വിഭാഗക്കാരെ സംവരണ ക്വാട്ടയിൽ ഉൾപ്പെടുത്തുന്നതാണ് പതിവ്. ഇത് അനീതിയാണെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. സംവരണക്വാട്ടയിൽ വരുന്ന ഒ.ബി.സി ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗക്കാരെക്കാൾ മാർക്ക് നേടിയാൽ അവരെ ജനറലിൽ തന്നെ നിയമിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അങ്ങനെ നിയമിച്ചുകഴിഞ്ഞാൽ സംവരണ ക്വാട്ടയിൽ ഒഴിവ് വരുന്ന സീറ്റുകളിൽ അതേ വിഭാഗത്തിൽ ബാക്കിയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കാമെന്നും കോടതി വ്യക്തമാക്കി. ബി.എസ്.എൻ.എലിലെ നിയമനവുമായി ബന്ധപ്പെട്ട രാജസ്ഥാൻ ഹൈക്കോടതിയുടെ 2014-ലെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് വിധിപറഞ്ഞത്.

ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി ഒ.ബി.സി വിഭാഗക്കാരായ രണ്ട് പരാതിക്കാരെയും അജ്മീറിലെ എസ്.എസ്.എ തസ്തികയിലേക്കുള്ള ജനറൽ വിഭാഗത്തിൽ നിയമിക്കാൻ ഉത്തരവിട്ടു. എന്നാൽ, അവിടെ നേരത്തേ നിയമിക്കപ്പെട്ട ജനറൽ വിഭാഗക്കാരായ രണ്ടുപേരെ പുറത്താക്കരുതെന്നും ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് ഉത്തരവിറക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ ഈ വിധിയുടെ ചുവടുപിടിച്ചുകൊണ്ട് വേണം സംസ്ഥാന സർക്കാരുകളും ഇനി തുടർനിയമനങ്ങൾ നടത്തേണ്ടത്. പഴയതുപോലെ ഇനിയും ഇത് അട്ടിമറിക്കപ്പെട്ടാൽ പിന്നാക്ക വിഭാഗക്കാർക്ക് കോടതിയെ സമീപിക്കാനുള്ള വഴി തുറക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതിനാൽ നിയമപരമായ ഈ രീതിയിൽ വെള്ളം ചേർക്കാൻ ഇനിയെങ്കിലും ബന്ധപ്പെട്ടവർ ശ്രമിക്കരുത്.

Advertisement
Advertisement