ഔഷധക്കൃഷിക്ക് പുതുജീവൻ; സബ്സിഡിയും സഹായവുമായി ബോർഡ്

Saturday 30 April 2022 10:09 PM IST

തൃശൂർ: ഔഷധ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ഔഷധച്ചെടികളുടെ ദൗർലഭ്യം ഇല്ലാതാക്കാനും ഔഷധ സസ്യക്കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ഔഷധസസ്യ ബോർഡ്. തരിശുനിലങ്ങളെ ഔഷധോദ്യാനമാക്കി മാറ്റുക വഴി വരുമാനവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഔഷധക്കൃഷി ചെയ്യുന്നവർക്ക് 30 മുതൽ 75 ശതമാനം വരെ സബ്‌സിഡിയുണ്ട്. ഔഷധ നിർമ്മാണത്തിൽ ഔഷധസസ്യങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞാണ് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. സ്വന്തമോ പാട്ടത്തിന് എടുത്തതോ ആയ സ്ഥലത്ത് കൃഷിയിറക്കാം. തിരഞ്ഞെടുക്കേണ്ട സസ്യങ്ങൾ, കൃഷി, വിളവെടുപ്പ്, സംസ്‌കരണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട സംശയം തീർക്കാനും സഹായിക്കാനുമായി പീച്ചി വനഗവേഷണ സ്ഥാപനത്തിൽ കാൾ സെന്ററുണ്ട്. ഔഷധക്കൃഷിയുമായി ബന്ധപ്പെട്ട് വിളിക്കുന്നവർ പങ്കുവയ്ക്കുന്ന അനുഭവങ്ങൾ ക്രോഡീകരിക്കുന്നുമുണ്ട്.

വിളിക്കാം നമ്പർ: 0487 2690333.

കർഷകരുടെ സംശയങ്ങൾക്ക് 24 മണിക്കൂറിനകം മറുപടിയും സഹായവും ലഭിക്കും. കഴിഞ്ഞ വർഷമാണ് പ്രവർത്തനം തുടങ്ങിയത്.

സബ്സിഡി അഞ്ച് ഏക്കറിന്

അഞ്ച് ഏക്കറുള്ളവർക്കാണ് സബ്ഡിഡി ലഭിക്കുക. 30, 50, 75 ശതമാനമാണ് സബ്‌സിഡി. ചന്ദനം, രക്തചന്ദനം എന്നിവയ്ക്ക് 75 ശതമാനം. കൂവളം, ചെത്തിക്കൊടുവേലി, കുമിഴ്, ഓരില, വേങ്ങ എന്നിവയ്ക്ക് 50 ശതമാനം. തുളസി, കുറുന്തോട്ടി, കച്ചോലം, കറ്റാർവാഴ, കാട്ടുപനിക്കൂർക്ക, ശതാവരി, തിപ്പലി, കിരിയാത്ത, ആര്യവേപ്പ്, നെല്ലി, ആടലോടകം എന്നിവയക്ക് 30 ശതമാനമാണ് സബ്‌സിഡി.

പദ്ധതി ഇതുവരെ

ഇതുവരെ ബന്ധപ്പെട്ടത് 200 കർഷകർ
വ്യക്തികളും സംഘടനകളും തയ്യാറാകുന്നു
തുടർപ്രവർത്തനം വിലയിരുത്തി കാൾ സെന്റർ
കൃഷി ഔഷധ വ്യവസായത്തിന് ഗുണകരം

Advertisement
Advertisement