തോട്ടുമുക്ക് മേഖലയിൽ വൈദ്യുതിമുടക്കം രൂക്ഷം

Sunday 01 May 2022 1:50 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാ‌‌‌ർഡിലെ പൊൻപാറ, മണലയം, കന്നുകാലിവനം, പേരയത്തുപാറ മേഖലകളിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. മുന്നറിയിപ്പും കാരണവും കൂടാതെ മണിക്കൂറുകളോളം വിതരണം തടസ്സപ്പെടുന്നതുമൂലം ഉപഭോക്താക്കൾ പ്രതിസന്ധിയിലാണ്. മാനത്ത് മഴക്കാറ് കണ്ടാൽ നിലയ്ക്കുന്ന വൈദ്യുവിതരണം പുനസ്ഥാപിക്കുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 15 മിനിറ്റ് ഇവിടെ വൈദ്യുതി നിലച്ചിരുന്നു. ഇത് കൂടാതെ വൈകിട്ട് ഒന്നരമണിക്കൂർകൂടി വിതരണം തടസ്സപ്പെടുകയായിരുന്നു. തൊളിക്കോട്, വിതുര പഞ്ചായത്തിലെ മിക്ക പ്രദേശത്തെയും അവസ്ഥ ഇതായിരുന്നു. വേനൽ മഴ എത്തിയതോടെ പഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവാണ്. വിതുര, തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്.

വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ ഒടിഞ്ഞും മരങ്ങൾ കടപുഴകിയും വീഴുന്നതുമൂലമാണ് വിതരണം നിലയ്ക്കുന്നതെന്നാണ് വൈദ്യുതിവകുപ്പ് മേധാവികൾ വ്യക്തമാക്കുന്നത്. കടുത്ത ചൂടുമൂലം വൈദ്യുതി ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. വൈദ്യുതിതടസം വ്യാപാരിസമൂഹത്തേയും പ്രതികൂലമായി ബാധിക്കുന്നു. വേനൽമഴ വൈദ്യുതിവകുപ്പിന് കനത്ത നാശനഷ്ടമാണ് വിതച്ചത്. വൈദ്യുതിലൈനുകൾ വ്യാപകമായി തകർന്നു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ജീവനക്കാർ അക്ഷീണം പ്രയത്നിച്ചാണ് വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നത്.

Advertisement
Advertisement