വിവാഹ ബന്ധത്തിന് 'ഗുഡ്ബൈ' പറയാൻ കുടുംബകോടതിയിൽ: കാത്തുകിടക്കുന്നത് ഒരു ലക്ഷം ദമ്പതികൾ 

Saturday 30 April 2022 11:19 PM IST

കാസർകോട്: വിവാഹബന്ധം വേർപെടുത്താൻ കുടുംബകോടതി വിധി കാത്ത് കഴിയുന്നത് ഒരുലക്ഷത്തിലേറെ ദമ്പതികൾ.ഓരോ വർഷവും കേരളത്തിലെ 28 കുടുംബ കോടതികൾ തീർപ്പാക്കുന്ന അരലക്ഷത്തോളം കേസുകൾക്ക് പുറമെയാണ് ഇത്രയും ഹരജികൾ കെട്ടി കിടക്കുന്നത്.

2021 മേയ് വരെ 1,06103 കേസുകളാണ് കുടുംബ കോടതികളിൽ തീർപ്പ് കാത്തുകിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഈ വർഷം മേയ് ആകുമ്പോഴേക്കും കേസുകളുടെ എണ്ണം വീണ്ടും വർദ്ധിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടായി. ഓരോ വർഷവും ശരാശരി 5000 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്.

രാജ്യത്തെ ഉയർന്ന നിരക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രമുഖ സ്ഥാനമാണ് കേരളത്തിനുള്ളത്. കുടുംബ കോടതികളിൽ വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ട് എത്തുന്ന ഹർജികളിൽ 70 ശതമാനത്തോളവും സ്ത്രീകളുടെ ഭാഗത്തുനിന്നാണ്. 40 വയസ്സിനു താഴെയുള്ള ദമ്പതികളാണ് ഈ ആവശ്യത്തിനായി കോടതിയെ സമീപിക്കുന്നതിൽ ഭൂരിപക്ഷവും. ഏറെയും നിസാരമായ കാരണങ്ങളാണ് യുവാക്കളെ വിവാഹ ബന്ധം വേർപെടുത്തുന്നതിൽ എത്തിക്കുന്നത്. പരസ്പരം അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് യുവദമ്പതികളുടെ പ്രശ്നമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അടിമകളല്ല സ്ത്രീകൾ

ഭർത്താവിന്റെയും വീട്ടുകാരുടെയും നിർദ്ദേശം എല്ലാം സഹിച്ചുകൊണ്ട് വീടുകൾക്കുള്ളിൽ തളച്ചിടേണ്ടവരല്ല തങ്ങളുടെ ജീവിതമെന്ന പുതിയ കാലത്തെ സ്ത്രീകളുടെ ചിന്താഗതി വിവാഹ ബന്ധങ്ങളിൽ താളപ്പിഴകൾക്ക് ആക്കം കൂട്ടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി ഉന്നത നിലവാരത്തിലുള്ളവരുമായ സ്ത്രീകളാണ് വിവാഹമോചനത്തിന് ധൈര്യം കാണിക്കുന്നവരിലേറെയും. വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങൾ മാത്രം ഒരുമിച്ചു താമസിച്ചവരും വേർപെടുത്തൽ ഹരജിയുമായി കോടതികളിൽ എത്തുന്നുണ്ട്. അണുകുടുംബങ്ങളിലേക്ക് മാറിയതോടെ കുടുംബങ്ങളിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് നേതൃത്വം നൽകാൻ ആരുമില്ലാത്ത സാഹചര്യങ്ങളും നിലവിലുണ്ട്. ഭർതൃവീട്ടുകാരുടെ ഉപദ്രവവും മാനസികവും ശാരീരികവുമായ പീഡനങ്ങളും ഭർത്താവിന്റെ മദ്യപാനവും പരസ്ത്രീ ബന്ധവും എല്ലാം സ്ത്രീകൾ കോടതികളിൽ നൽകുന്ന ഹരജികളിൽ ചൂണ്ടികാണിക്കുന്നുണ്ട്. അതേസമയം ലൈംഗിക ബന്ധത്തിലെ താളപ്പിഴകളാണ് ഭൂരിപക്ഷം ദമ്പതികളുടെയും ബന്ധങ്ങൾ ശിഥിലമാകുന്നതിന് പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തൽ

ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുമ്പോഴും വേർപിരിയാൻ നിശ്ചയിക്കുമ്പോഴും സന്തോഷകരമായ മാനസികനില ഉണ്ടാക്കാൻ സാഹചര്യം ഒരുക്കണം. വിവാഹബന്ധം വേർപിരിയുന്നത് കുറ്റകരമല്ല. അതിനാൽ ശത്രുക്കളെ പോലെ പിരിഞ്ഞുപോകേണ്ടതില്ല. അതിന് കുടുംബ കോടതി ജഡ്ജിയുടെ കാഴ്ച്പ്പാടുകളിലും സംവിധാനങ്ങളിലും മാറ്റമുണ്ടാകണം.

അഡ്വ. സി.ഷുക്കൂർ

( കുടുംബകോടതിയിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന നിയമ വിദഗ്ദ്ധൻ )

കേരളം പത്തുവർഷം

വേർപ്പെടുത്തിയത് 4,89,829 വിവാഹബന്ധങ്ങൾ

വിവാഹമോചന ശരാശരി പ്രതിവർഷം 40,000

2019 ൽ മാത്രം 60,475 ഹരജികൾ

2020 ൽ 47,839

Advertisement
Advertisement