ഗുജറാത്തിലെന്തുണ്ട് വിശേഷം ?

Sunday 01 May 2022 1:14 AM IST

നമ്മൾ വളരെ നിസ്സാരമെന്ന് കരുതാറുള്ള വെറും മണിയനുറുമ്പിൽ നിന്ന് പോലും ഒട്ടുവളരെ കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട് എന്ന് ചിന്തിക്കാനുള്ള വിശാലബുദ്ധി ഇന്നാട്ടിൽ എത്രപേർക്കാണ് ഉണ്ടാവുക? അധികം ആർക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മഹാസാധുക്കളും വിശാലമനസ്കരുമായ ആളുകൾക്ക് മാത്രം അങ്ങനെ തോന്നിയേക്കാം. എന്നാൽ, മുക്കാലേയരക്കാലും അഹങ്കാരികളും താന്തോന്നികളുമാണ് ഈ അണ്ഡകടാഹത്തിലുള്ളത്. ഒന്നോർത്ത് നോക്കിയാൽ മഹാ കഷ്ടമാണ് സംഗതി.

വിശാലമനസ്കർ ഇന്നീ കേരളത്തിൽ വംശനാശ ഭീഷണിയുടെ നടുവിലാണെന്ന് അത്യധികം വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു. ഒരു മഹാസാധു പിണറായി സഖാവൊക്കെ വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്നതാണ്. അങ്ങനെ എല്ലാക്കാലത്തും മഹാസാധുക്കൾ ജനിക്കാറില്ല. ജനിച്ചിട്ടുള്ള മഹാസാധുക്കൾ പോലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ മഹാ അഹങ്കാരികളായി മാറിപ്പോയിട്ടുമുണ്ടാവാം. അതിന് ജീവിച്ചിരിക്കുന്ന ഒരേയൊരു അപവാദം മഹാസാധു പിണറായി സഖാവാണ്. അതാരും തിരിച്ചറിയുന്നില്ലെന്ന സങ്കടം കൊണ്ടാണ് ഒരിടയ്ക്ക് നിയമസഭയിൽ വച്ച് അദ്ദേഹം തന്നെ ഞാനൊരു മഹാസാധുവാണെന്ന് വിളിച്ചുപറഞ്ഞത്. ഞാനൊരു മഹാസാധു, ഇങ്ങനെയങ്ങ് ജീവിച്ച് പോകുന്നു എന്നാണ് സഖാവ് നിയമസഭയിൽ പറഞ്ഞത്. അതോടെ അത് സഭാരേഖയായി. സഭാരേഖയായാൽ പിന്നെ ബ്രഹ്മൻ വിചാരിച്ചാൽ പോലും തിരുത്തുക അസാദ്ധ്യമാണ്.

ഗുജറാത്തിലെ ഭാ.ജ.പ സർക്കാരിൽ നിന്ന് എന്തെങ്കിലും പഠിക്കുന്നത് അല്പം കടന്ന കൈയാണെന്നാണ് സകലമാന അഹങ്കാരികളും ഈ വാല് പോലുള്ള കേരളത്തിലിരുന്ന് നാളിതുവരെ പറഞ്ഞ് പോന്നിരുന്നത്. മഹാസാധുക്കൾ അങ്ങനെ ചിന്തിക്കാറില്ല. അവർക്ക് ഗുജറാത്തിൽ നിന്ന് പോലും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാവും. വെറും പച്ചിലയിൽ നിന്ന് പെട്രോൾ വരെയുണ്ടാക്കാവുന്ന അനന്തമായ സാദ്ധ്യതകളുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് അഹങ്കാരികൾ ചിന്തിക്കാറില്ല. ന.മോ.ജിയുടെ ഗുജറാത്തിൽ നിന്ന് എന്തെല്ലാം കണ്ടെത്താനാകും!

ന.മോ.ജിയുടെ ഗുജറാത്തിൽ മൂവായിരം കോടിയുടെ പട്ടേൽ പ്രതിമ കാണാനുണ്ട്. അവിടെ ന.മോ.ജിയുടെ കാലത്ത് വംശീയ കൂട്ടക്കൊല ഉണ്ടായിട്ടുണ്ടാകാം. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുണ്ടായിട്ടുണ്ടാകാം. എങ്കിലും അവിടെ വഴിനീളെ അംബാനിയുടെ പെട്രോൾ പമ്പുകളില്ലേ. അദാനിയുണ്ട്. കുന്തമുണ്ട്. കുടച്ചക്രമുണ്ട്. ബുൾഡോസറുകൾ ഉരുണ്ടുരുണ്ട് സകലമാന ആളുകളെയും ഉരുട്ടിയുരുട്ടി നീക്കുന്നുണ്ട്. അങ്ങനെയെന്തെല്ലാം, എന്തെല്ലാമുണ്ട്! അഹങ്കാരികൾ എല്ലാം മഹാ അപരാധമായിട്ടാണ് പറയുന്നത്.

മഹാസാധുക്കളും അങ്ങനെ പറഞ്ഞാൽ പിന്നെ നാട്ടിലെവിടെയാണ് പ്രതീക്ഷയുടെ തീനാമ്പുകൾ പൊട്ടിമുളയ്ക്കുക? നിങ്ങളൊന്ന് ചിന്തിച്ച് നോക്കണം. ഈ ഇട്ടാവട്ട കേരളമാണ് എല്ലാത്തിലും മുമ്പിലെന്നും ന.മോ.ജിയുടെ ഇന്ത്യയ്ക്കുള്ള ബദൽ മോഡൽ പിണറായിസഖാവിന്റെ കേരളമാണെന്നും ഒക്കെ ആളുകളുടെ മുന്നിൽ പറയാം. അതങ്ങനെയല്ലെന്ന് പിണറായി സഖാവിനല്ലേ അറിയുക! എല്ലാത്തിലും മുമ്പിൽ നിൽക്കുന്ന ഈ കേരളത്തിന് ഗുജറാത്തിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് മഹാ അഹങ്കാരിയായ കോടിയേരിസഖാവ് പറഞ്ഞത് വിപ്ലവസോഷ്യലിസ്റ്റായ ഷിബു ബേബിജോൺ പണ്ട് ഗുജറാത്തിലേക്ക് തിരിഞ്ഞ് നോക്കിയപ്പോഴായിരുന്നു. ഗുജറാത്തിലെ നൈപുണ്യവികസനം കണ്ടുപഠിക്കാൻ പോയി മുഖ്യമന്ത്രിയായിരുന്ന ന.മോ.ജിക്ക് ഷാളിട്ട് കൊടുത്ത ഷിബുസഖാവിന് അത് മാത്രമേ ഓർമ്മയുണ്ടായിട്ടുള്ളൂ. എന്തെല്ലാമായിരുന്നു.

ഷിബുസഖാവിനെ വധശിക്ഷയ്ക്ക് മാത്രമാണ് അന്നാരും വിധിക്കാതിരുന്നത്. സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളാൽ ചില ദുർബലനിമിഷങ്ങളിൽ പിണറായി സഖാവും പെട്ട് പോയിട്ടുണ്ടാകാം. ഏത് കടുവയാണ് അങ്ങനെ നരഭോജിയാകാതിരുന്നിട്ടുള്ളത്! അബ്ദുള്ളക്കുട്ടി ഗുജറാത്തിനെ കണ്ട് പഠിക്കൂ എന്ന് പറഞ്ഞകാലത്ത് ആ കുട്ടിയെ കൈയോടെ എടുത്തുകളയാൻ നിർബന്ധിതനായ ആളാണ് പിണറായിസഖാവ്. പക്ഷേ, അതിനുശേഷം വളപട്ടണം പുഴയിലും കോരപ്പുഴയിലുമൊക്കെ വെള്ളമെത്ര ഒഴുകി. നാട്ടിലെത്ര തവണ വെള്ളപ്പൊക്കം സംഭവിച്ചു! ന.മോ.ജി പ്രധാനമന്ത്രിയായില്ലേ. പിണറായിസഖാവ് മുഖ്യമന്ത്രിയായി. അദ്ദേഹം പോയി പൂച്ചെണ്ടും ഷാളും ന.മോ.ജിക്ക് കൊടുത്തു.

ഇന്നിപ്പോൾ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളൊക്കെ നമ്മുടെ നിലമ്പൂർകാട്ടിലും എന്തുകൊണ്ടായിക്കൂടാ എന്ന് മഹാസാധുക്കളും വിശാലമനസ്കരുമായ ആളുകൾ ചിന്തിച്ച് പോകുന്നതിൽ എന്താണ് തെറ്റുള്ളത് എന്നാരെങ്കിലും വിചാരിക്കാറുണ്ടോ? എന്തുകൊണ്ട് വിചാരിക്കുന്നില്ല!

കേറെയിൽ കിട്ടുന്നതിനായി ന.മോ.ജിയെ കണ്ട പിണറായി സഖാവിനോട് ഒന്ന് ഗാന്ധിനഗർ വരെ പോയി അവിടെ പദ്ധതികൾക്കുള്ള ഡാഷ്ബോർഡ് സംവിധാനം കണ്ടിട്ട് വരൂ എന്നാണ് ന.മോ.ജി ഉപദേശിച്ചത്. പിണറായി സഖാവ് അതിനുള്ള ചിട്ടവട്ടങ്ങളാണ് നടത്തിയത്. ഗുജറാത്തിൽ പോയയാളും ജന്മനാ കവിയുമായ നമ്മുടെ ചീഫ്സെക്രട്ടറി ശ്രീമാൻ വാഴയിൽ ജോയി അത് കണ്ടിട്ട് പാടിയത് 'എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം!' എന്നാണ്.

എന്തൊരു കാഴ്ചയാണ്. ഇതിനെയാണ് അഹങ്കാരികൾ അതുമിതും പറഞ്ഞ് അൽക്കുൽത്താക്കാൻ നോക്കുന്നത്. പറയുന്നത് കേട്ടാൽ തോന്നിപ്പോവുക ഗുജറാത്ത് ഏതോ അന്യഗ്രഹത്തിലേതാണ് എന്നാണ്. അന്യഗ്രഹത്തിലാണെങ്കിൽ തന്നെ എന്താണൊരു കുറവ് എന്നാരും ചിന്തിക്കുന്നില്ല. ചൊവ്വയിലേക്ക് ആടിനെ വരെ കയറ്റിവിടുന്ന കാലമല്ലേ ഇത്! എന്താണ് ഇതൊന്നും ആരും തിരിച്ചറിയാതെ പോകുന്നത്?

ഗുജറാത്തിൽ നിന്ന് പലതും പഠിച്ചിട്ട് വരുന്നതിനെ കേസുരേന്ദ്രൻജിയും അബ്ദുള്ളക്കുട്ടിജിയും മനസ്സിൽതട്ടി അഭിനന്ദിച്ചത് ഏതായാലും നന്നായി. അവർക്കെങ്കിലുമുണ്ടല്ലോ ഒരു നല്ല മനസ്സ് എന്ന് ചിന്തിക്കുമ്പോഴാണ് പ്രതീക്ഷിക്കാൻ വകയുണ്ട് എന്ന തോന്നൽ ശക്തമാകുന്നത്!

.........................................

- മഹാസാധു പിണറായിസഖാവ് ഏത് ജീവിയെയും കരുതലോടെ കാണുന്നയാളാണ്. കുരങ്ങന് പോലും ഭക്ഷണം കിട്ടാത്ത അവസ്ഥ വരരുതെന്ന് മഹാമാരിക്കാലത്ത് പിണറായി സഖാവ് പറഞ്ഞത് കേട്ടപ്പോൾ എത്രപേരാണ് കോരിത്തരിച്ചത്. ഇന്നിപ്പോൾ കേ-റെയിലെന്നെഴുതിയ സർവേക്കല്ലുകൾ അവിടവിടെയായി കുഴിച്ചിടുന്ന സഖാവിന്റെ ആർദ്രമനസ്സ് മൂത്രമൊഴിക്കാൻ വിമ്മിഷ്ടപ്പെടുന്ന ശുനകവർഗത്തെ ഓർത്തുള്ള കരുതലാണെന്ന് തിരിച്ചറിയാത്ത ക്രൂരമനസ്സുകളാണ് ധർമ്മടത്ത് പോലും ആ കല്ലുകൾ പറിച്ചെറിയുന്നത്. എന്തൊരു ക്രൂരതയാണിത്! ശ്വാനന്മാർ മൂത്രമൊഴിക്കാതെ ചത്തോട്ടെയെന്നാണോ? തല്ല് ഒരു പരിഹാരമല്ലെങ്കിലും ആളുകൾ തല്ലിപ്പോകുന്നതിനെ കുറ്റം പറയാനാവില്ലെന്ന് കണ്ണൂരിലെ ചാലയിൽ ചിലർക്ക് തല്ല് കൊണ്ടപ്പോൾ കോടിയേരി സഖാവ് പറഞ്ഞ് പോയതും ഇതൊക്കെ ഓർത്തിട്ടാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

Advertisement
Advertisement