വൈദ്യുതി പ്രതിസന്ധി : പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

Sunday 01 May 2022 1:15 AM IST

ന്യൂഡൽഹി : രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൽക്കരി ക്ഷാമവും അതേത്തുടർന്നുള്ള വൈദ്യുതി ക്ഷാമവും പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ? ഇതിൽ ആരെയാണ് കുറ്റം പറയാൻ പോകുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.

മോദിയുടെ വാഗ്ദാനങ്ങൾ പാഴ്വാക്കായിരിക്കുന്നു. ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റം പറയുക. നെഹ്‌റുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കിൽ ജനങ്ങളെയാണോ? രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ട്വീറ്റിനൊപ്പം രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന മോദിയുടെ മുൻകാല പ്രസംഗങ്ങളും ഒപ്പം വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ചാനൽ വാർത്തകളുടെ വീഡിയോയും ചർച്ചകളും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. കൽക്കരി ലഭ്യത കൂടിയില്ലെങ്കിൽ അടുത്ത മാസം പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. നിരവധി കമ്പനികളിൽ വളരെ കുറച്ച് ദിവസത്തെ ഉപയോഗത്തിന് മാത്രമുള്ള കൽക്കരിയാണ് അവശേഷിക്കുന്നത്.

പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മാസം 27 വരെ 1.6% കുറവാണ് വൈദ്യുതി വിതരണത്തിലുണ്ടായത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം .

Advertisement
Advertisement