ഐസിസിനായി പോരാടുമെന്ന് പ്രതിജ്ഞ; ഭീകരർക്ക് സാമ്പത്തിക സഹായവും; ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ അഹമ്മദ് മുർതാസയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

Sunday 01 May 2022 11:06 AM IST

ലക്നൗ: കഴിഞ്ഞ മാസം യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ അഹമ്മദ് മുർതാസ അബ്ബാസിയ്ക്ക് ഭീകര സംഘടനയായ ഐസിസുമായുള്ല ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്.

ഇയാൾ ഐസിസിനുവേണ്ടി പോരാടുന്നതിനായി പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും സംഘടനയെ പിന്തുണയ്ക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നെന്നും ഉത്തർ പ്രദേശ്എഡിജിപി വ്യക്തമാക്കി.

2020ലാണ് മുർതാസ ഐസിസിൽ പ്രവർത്തിക്കുന്നതിനായി പ്രതിജ്ഞയെടുത്തത്. സംഘടനയ്ക്ക് വേണ്ടി പ്രചരണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന മെഹ്‌ന്ദി മസൂദുമായി ഇയാൾ സമൂഹ മാദ്ധ്യമം വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴി വിദേശത്തുള്ല ഐസിസ് പോരാളികളുമായും അബ്ബാസി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.

ആയുധങ്ങൾ ലഭിച്ചാൽ ആക്രമണം നടത്തുമെന്ന ഉറച്ച തീരുമാനത്തിൽ ഇയാൾ എയർ റൈഫിളുകൾ ഉപയോഗിച്ച് വീട്ടിൽ പരിശീലനം നടത്തിയിരുന്നു. എകെ 47, 5-4 കാർബൈൻ തുടങ്ങിയ നിരവധി ആയുധങ്ങളെക്കുറിച്ച് ഇയാൾ നിരന്തരം വായിച്ചുമനസ്സിലാക്കിയിരുന്നതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐസിസിന്റെ അക്കൗണ്ടിലേക്ക് മൂന്നുതവണയോളം പണം കൈമാറ്റം ചെയ്തതായി യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഐ ഐ ടി ബോംബെയിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കെമിക്കൽ എഞ്ചിനീയർ മുർതാസ 2016ൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നിരവധി തവണ സിറിയയിലേക്ക് കടക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം പരാജയപ്പെട്ടിരുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാന പൂജാരിയായിട്ടുള്ള ക്ഷേത്രമാണ് ഗോരഖ്നാഥ് ക്ഷേത്രം.അതിനാൽ തന്നെ കർശന സുരക്ഷയാണ് ഇവിടെയുള്ലത്. മാർച്ച് 27നായിരുന്നു ക്ഷേത്രത്തിൽ ആക്രമണം ഉണ്ടായത്. മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിന് അകത്തേക്ക് കടക്കാൻ ശ്രമിച്ച മുർതാസയെ തടയാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇതോടെ അവരെ ആയുധംകൊണ്ട് മുറിവേൽപ്പിച്ചിരുന്നു. തുടർന്നാണ് മുർതാസയെ പൊലീസിനെ പിടികൂടിയത്.

Advertisement
Advertisement