നിഗൂഢതകളുടെ കുരുക്കഴിക്കാൻ വീണ്ടും സേതുരാമയ്യരെത്തി, സി ബി ഐ 5 റിവ്യൂ

Sunday 01 May 2022 2:26 PM IST

സി.ബി.ഐയിലെ ബുദ്ധിരാക്ഷസനായ ഉദ്യോഗസ്ഥൻ സേതുരാമയ്യർ വീണ്ടും എത്തുന്നു എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്ന കാര്യമാണ്. ഒരേ സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവർ ഒരേ ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങളിൽ ഒന്നിക്കുന്നു എന്നത് തന്നെയാണ് സി.ബി.ഐ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത.

സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തുവരുന്നത്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവിന്റെ സംവിധാനത്തിൽ 1988 ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലൂടെയാണ് സി.ബി.ഐ സീരിസിന്റെ തുടക്കം. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ എന്നിവയും പുറത്തിറങ്ങി. സീരീസിലെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ വിക്രം എന്ന ഉദ്യോഗസ്ഥനായെത്തിയ ജഗതി ശ്രീകുമാർ ഇത്തവണയും സി.ബി.ഐ 5 ദി ബ്രെയിനിൽ ഉണ്ടാകുമെന്നതും പ്രേക്ഷകർക്ക് ചിത്രത്തിനായി കാത്തിരിക്കാനുള്ള പ്രധാന കാരണമായി മാറി.

പതിവിൽ നിന്ന് വ്യത്യസ്തമായി ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രത്തിൽ സേതുരാമയ്യരുടെ കേസന്വേഷണം അവതരിപ്പിച്ചിരിക്കുന്നത്. സി.ബി.ഐ യെ ഏറ്റവും കുഴപ്പിച്ച ഒരു കേസ് ഏങ്ങനെ സേതുരാമയ്യരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു എന്നതിനെ മുൻനിർത്തിയാണ് കഥ പുരോഗമിക്കുന്നത്.

ട്രെയിലറിൽ പറയുമ്പോലെ പ്രേക്ഷകർക്ക് അധികം സുപരിചിതമല്ലാത്ത ബാസ്‌കറ്റ് കില്ലിംഗ് ആണ് ചിത്രത്തിന്റെ പ്രമേയം. സംസ്ഥാനത്തെ മന്ത്രിയുടെ മരണവും പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങളും പൊലീസിനെ കുഴയ്ക്കുന്നു. ഇതിലൂടെ സി.ബി.ഐ യുടെ വരവിന് വഴിയൊരുങ്ങുകയാണ്.

മെല്ലെപ്പോകുന്ന ആദ്യ പകുതിയ്ക്ക് ചൂടുപിടിയ്ക്കുന്നത് സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ എത്തുന്നതോടെയാണ്. ആദ്യ പകുതിയിൽ ത്രില്ലിംഗ് എലമെന്റ്സ് കുറവാണെങ്കിലും രണ്ടാം പകുതിയിൽ കേസന്വേഷണം പുരോഗമിക്കുന്തോറും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ചിത്രത്തിനായി. സീരിസിലെ മുൻ ചിത്രങ്ങൾക്ക് സമാനമായ രീതിയിൽ തന്നെയാണ് കഥയുടെ മുന്നേറ്റം.

17 വർഷങ്ങൾക്ക് ശേഷമാണ് സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി എത്തുന്നത്. എന്നാൽ മാനറിസങ്ങളിലും ശരീര ഭാഷയിലും ‌‌ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി മികവ് പുലർത്തിയതിനാൽ ഇത്രയും വർഷത്തെ ഇടവേള പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. നെറ്റിയിൽ കുങ്കുമക്കുറിയുമായി കൈകൾ പിറകിൽ കെട്ടി ഫാഫ് സ്ലീവ് ഷർട്ടുമിട്ട് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയെത്തുന്ന സേതുരാമയ്യരെ തിലശീലയിൽ വീണ്ടും കാണാനായത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

ഇത്തവണ വളരെയധികം പ്രാധാന്യമുള്ള കേസായതിനാൽ തന്നെ സേതുരാമയ്യരുടെ അന്വേഷണ സംഘത്തിൽ അംഗസംഖ്യയും കൂടുതലാണ്. അയ്യരുടെയൊപ്പം ചിത്രത്തിൽ വനിതാ ഉദ്യോഗസ്ഥരെത്തുന്നു എന്നതും പ്രത്യേകതയാണ്.

മുകേഷ്, രഞ്ജി പണിക്കർ, ജഗതി ശ്രീകുമാർ, ആശാ ശരത്ത്, അൻസിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാർ, സൗബിൻ, സുരേഷ് കുമാർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, കൊല്ലം രമേശ് എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അന്വേഷണ സംഘത്തിലുള്ള രഞ്ജി പണിക്കർ, പിഷാരടി, അൻസിബ തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ ഭദ്രമായി കെെകാര്യം ചെയ്‌തു.

ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം നടത്താൻ ആശാ ശരത്തിനും സായ് കുമാറിനുമായി. സത്യദാസ് എന്ന പൊലീസുകാരനായെത്തിയ സായ്‌ കുമാറിന് സീരിസിലെ മുൻ ചിത്രത്തിലെ കഥാപാത്രത്തെ അതേ മികവോടെ തന്നെ പുനരവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ചിത്രത്തിലെ ഹെെലെെറ്റ് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് തന്നെയാണ്. സേതുരാമയ്യരുടെ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന വിക്രമിനെ വെറുതെ ഒരു സീനിൽ കൊണ്ടുവരികയല്ല ചിത്രത്തിൽ. കഥാഗതിയിൽ സുപ്രധാന വഴിത്തിരിവാകുന്ന ഒരു കഥാപാത്രമായി വിക്രമിനെ അവതരിപ്പിക്കാൻ തിരക്കഥാകൃത്തിനായിട്ടുണ്ട്.

മുഖത്തെ ഭാവങ്ങളും കെെകളുടെ ചലനങ്ങളും സമീപ ഭാവിയിൽ ജഗതി ശ്രീകുമാറിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. വീണ്ടും ചാക്കോയെയും സേതുരാമയ്യരെയും വിക്രമിനെയും ഒരു ഫ്രെയിമിൽ കാണാനായത് പ്രേക്ഷകർക്ക് വിരുന്നായി.

സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്യാമിന്റെ ഐക്കോണിക്ക് പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. മുൻകാല ചിത്രങ്ങളിലെ പോലെ തന്നെ ഇത്തവണയും സി.ബി.ഐ യിലെ പ്രശസ്‌തമായ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്.

റിലീസിന് മുന്നെ ക്ലെെമാക്‌സിനെപ്പറ്റി അമിത പ്രതീക്ഷ വയ്ക്കാനാകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ ഈ അമിത പ്രതീക്ഷ ചിത്രത്തിനെ ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ചിലയിടങ്ങളിലെ അനാവശ്യ തമാശകളും രസം കൊല്ലിയാകുന്നുണ്ട്. ടെക്‌നോളജിയെ കെെകാര്യം ചെയ്യുന്നതിലൊക്കെ കാലത്തിനനുസരിച്ച് മാറാൻ തിരക്കഥാകൃത്തിനായി. എന്നാൽ ചിത്രമെത്തുന്ന കാലഘട്ടം ചെറുതായെങ്കിലും തിരിച്ചടിയാകുന്നുണ്ട്.

സി.ബി.ഐ സീരിസിലെ ചിത്രങ്ങളുടെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രസിപ്പിക്കാൻ ചിത്രത്തിനാകുന്നുണ്ട്. എന്നാൽ ചടുലമായ ത്രില്ലറുകൾ കണ്ടു ശീലിച്ചവരെ ചിത്രത്തിന് പൂർണമായും തൃപ്‌തിപ്പെടുത്താനാകുമോയെന്ന് സംശയമാണ്. ആറാം ഭാഗത്തിലേയ്ക്കുള്ള ചെറിയൊരു സൂചനയും സംവിധായകൻ ചിത്രത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്. ത്രില്ലടിപ്പിക്കാനായി പുത്തൻ കേസുകളുമായി സേതുരാമയ്യർ ഇനിയും പ്രേക്ഷകർക്കു മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Advertisement
Advertisement