ഇലക്‌ട്രിക് ശ്രേണിയിൽ പോര് കടുപ്പിക്കാൻ ഹ്യുണ്ടായിയും; വരുന്നു,​ അയോണിക് 5

Monday 02 May 2022 4:32 AM IST

കൊച്ചി: ഉപ ബ്രാൻഡായ കിയ ഓൾ ഇലക്‌ട്രിക് ക്രോസ് ഓവറായ ഇ.വി6 അവതരിപ്പിച്ചതിന് പിന്നാലെ,​ മാതൃബ്രാൻഡായ ഹ്യുണ്ടായിയും ഇന്ത്യയിലെ ഇ-വാഹന വിപണിയിൽ പോര് കടുപ്പിക്കാനിറങ്ങുന്നു. കമ്പനിയുടെ പുത്തൻ ഇലക്‌ട്രിക് മോഡലായ അയോണിക് 5 ഈവർഷം രണ്ടാം പകുതിയോടെ വിപണിയിലെത്തും.
അയോൺ,​ യുണീക് എന്നീ പദങ്ങൾ ഒന്നിപ്പിച്ച് ഹ്യുണ്ടായ് നൽകിയ പേരാണ് അയോണിക്. ഇ-വാഹനങ്ങൾക്കായി ഹ്യുണ്ടായ് ഗ്രൂപ്പ് സജ്ജമാക്കിയ ഇലക്‌ട്രിക് - ഗ്ളോബൽ മോഡുലാർ പ്ളാറ്റ്‌ഫോമിലാണ് (ഇ-ജി.എം.പി)​ അയോണിക് 5ന്റെ നിർമ്മാണം. അകത്തളവും പുറംമോടിയും നൂതനമായാണ് ഹ്യുണ്ടായ് ഒരുക്കിയിട്ടുള്ളത്. പ്രകൃതിസൗഹാർദ്ദമായാണ് ഈ ക്രോസ് ഓവർ യൂട്ടിലിറ്റി വാഹനത്തിന്റെ ഓരോ ഇഞ്ചും ഹ്യുണ്ടായ് രൂപകല്പന ചെയ്‌തത്.
അടുത്തിടെ വേൾഡ് കാർ ഒഫ് ദി ഇയർ പുരസ്‌കാരം അയോണിക് 5നെ തേടിയെത്തിയിരുന്നു. ബാറ്ററി ഇലക്‌ട്രിക് വാഹന ശ്രേണിയിൽ (ബി.ഇ.വി)​ 2028നകം ഇന്ത്യയിൽ ആറ് പുത്തൻ മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഈവർഷത്തെ മോഡലായ അയോണിക് 5.

Advertisement
Advertisement