ഖാർഗോണിൽ കർഫ്യു,​ ഈദ് ആഘോഷങ്ങൾക്ക് നിയന്ത്രണം

Sunday 01 May 2022 11:18 PM IST

നടപടി രാമനവമി ദിനത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ

ഭോപ്പാൽ: ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് ഖാർഗോണിൽ രണ്ട് ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുമർ സിംഗ് അറിയിച്ചു. ഇത്തവണ ഈദ് വീട്ടിൽ ആഘോഷിക്കണമെന്നും അക്ഷയ തൃതീയയിലും പരശുരാമ ജയന്തിയിലും പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നും സുമർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം രാമനവമിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് അക്രമ സംഭവങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നും നാളെയും ഖാർഗോണിൽ കർഫ്യൂ ഏർപ്പെടുത്തുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ എല്ലാ കടകൾക്കും തുറന്ന് പ്രവർത്തിക്കാം. പരീക്ഷകൾക്കായി പോകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പാസ് നൽകും.

കഴിഞ്ഞ മാസം രാമനവമി ദിനവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ നടന്ന സംഘർഷത്തിലും അക്രമ സംഭവങ്ങളിലും 24 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 150 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement
Advertisement