രാജ്യത്ത് നാലാം തരംഗമില്ലെന്ന് ഐ.സി.എം.ആർ

Monday 02 May 2022 12:08 AM IST

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് കേസുകളിൽ നിലവിലുണ്ടാകുന്ന വർദ്ധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അഡിഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ പറഞ്ഞു. രാജ്യത്ത് ജില്ലാ തലങ്ങളിൽ കൊവിഡ് കണക്കുകളിൽ ചില കുതിപ്പ് കാണപ്പെടുന്നുണ്ട്. ഇത് ഒരു തരംഗത്തിന്റെ ലക്ഷണമായി കാണാനാകില്ല. രാജ്യത്ത് ചില പ്രദേശത്ത് മാത്രം കാണുന്ന വ്യതിയാനമായി ഇത് ഒതുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരംഗമല്ലെന്നതിന് നാല് കാരണങ്ങൾ

പ്രാദേശിക തലങ്ങളിൽ മാത്രമാണ് കൊവിഡ് കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നതാണ് തരംഗമില്ലെന്നതിന് ഒരു കാരണം. ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ് ഈ ഒരു വ്യതിയാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഈ കൊവിഡ് കുതിപ്പ് കാണാനുമില്ലെന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കൊവിഡ് കൂടുന്നതിനനുസരിച്ച് ഹോസ്പിറ്റൽ അഡ്മിഷൻ വർദ്ധിക്കുന്നില്ല എന്നതാണ്. ഇത് വരെയും പുതിയ വകഭേദം കണ്ടെത്താനാകാത്തത് നാലാമത്തെ കാരണമായും അദ്ദേഹം വ്യക്തമാക്കുന്നു. ഈ നാല് കാരണങ്ങൾ തന്നെ ഇന്ത്യയിൽ നാലാം തരംഗമില്ലെന്നതിന്റെ ഉദാഹരണങ്ങളാണെന്ന് പാണ്ഡ വിശദീകരിക്കുന്നു. കൊവിഡ് വ്യാപന ഭീഷണിയിൽ നിന്ന് നാം ഇനിയും മുക്തമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് വ്യക്തമാക്കിയിരുന്നു. ഇത് മഹാമാരിയുടെ മറ്റൊരു ഘട്ടമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസിസ് പ്രോഗ്രാമിന്റെ ടെക്നിക്കൽ ലീഡായ മരിയവാൻ ഖെർഖോവും കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗിബ്രിയേസിസും മുന്നറിയിപ്പ് നൽകിയിരുന്നു.

കൊവിഡ് പ്രതിദിന കേസുകൾ മൂവായിരത്തിന് മുകളിൽ.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,​324 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19,092 ആയി. പുതിയ കണക്കുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 4,30,79,188 ആണ്. ഇന്നലെ 40 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5 ,23,843 ആയി. ശനിയാഴ്ച ഡൽഹിയിൽ 1,520 കേസുകൾ റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement