ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയത് ഓട്ടോയിൽ; സ്വന്തം കാറുപേക്ഷിച്ചെത്തിയ താരത്തെ കണ്ട് അന്ധാളിച്ച് സംഘാടകർ

Monday 02 May 2022 10:01 AM IST

കാറിലെത്തുന്ന സുരേഷ് ഗോപിയെ കാത്തിരുന്ന സംഘാടകരെ ഞെട്ടിച്ചുകൊണ്ട് താരമെത്തിയത് ഓട്ടോയിൽ. കഴിഞ്ഞ ദിവസം വെെകിട്ട് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന വി.എച്ച്.പി സ്വാഭിമാൻ നിധി ഉദ്ഘാടന പരിപാടിക്കാണ് താരം സ്വന്തം കാറുപേക്ഷിച്ച് എത്തിയത്.

നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാനായാണ് നടൻ സ്വന്തം കാർ ഉപേക്ഷിച്ച് ഓട്ടോയുടെ സേവനം തേടിയത്. ബി.ടി.എച്ച് ഹോട്ടലിലെ ഉദ്ഘാടന വേദിയിലേയ്‌ക്കെത്താൻ കലൂരിൽ നിന്നാണ് താരം ഓട്ടോ പിടിച്ചത്.

മൂന്ന് മണിക്കായിരുന്നു ഇവിടുത്തെ പരിപാടി ആരംഭിക്കാനിരുന്നത്. എന്നാൽ ഈ സമയം ‘അമ്മ’യുടെ വേദിയിലായിരുന്നു താരം. ഇവിടെ നിന്ന് നാലു മണിയോടെ ഇറങ്ങിയപ്പോഴാണ് റോഡിലെ ഗതാഗതക്കുരുക്കിനെപ്പറ്റി സുരേഷ് ഗോപി അറിയുന്നത്.

അമ്മയുടെ വേദിയിൽ നിന്ന് പുറത്തിറങ്ങിയ താരത്തെ മാദ്ധ്യമങ്ങൾ വളഞ്ഞു. ഇതോടെ താരം ആദ്യം വേറെയൊരു കാറിൽ സ്ഥലത്തുനിന്നും പുറപ്പെട്ടു. പിന്നീടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊണ്ട് ഉദ്ഘാടന വേദിയിലേക്ക് സമയത്തെത്താനായി ഓട്ടോയെ നടൻ ആശ്രയിച്ചത്.

കാറിലെത്തുന്ന താരത്തെ സ്വീകരിക്കാൻ നിന്ന സംഘാടകരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ച് കൊണ്ട് സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ നിന്നിറങ്ങുകയായിരുന്നു. കലൂരിൽ നിന്ന് അരമണിക്കൂർ കൊണ്ടാണ് താരം ഓട്ടോയിൽ ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിയത്.

Advertisement
Advertisement