സ്വപ്നമായി ശേഷിക്കുമോ വീട് നിർമ്മാണം.

Wednesday 04 May 2022 12:00 AM IST

കോട്ടയം. സാധാരണക്കാരുടെ ബഡ്ജറ്റ് തകിടം മറിക്കും വിധം നിർമ്മാണ സാമഗ്രികൾക്ക് പ്രതിദിനമെന്നോണം വിലകയറുന്നു. സാമഗ്രികൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതും ഇന്ധന വിലവർദ്ധനയും നിർമാണമേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോക്ഡൗണിന് ശേഷം ഉത്പന്നങ്ങൾക്ക് ക്രമാതീതമായി വില വർദ്ധിച്ചിരുന്നെങ്കിലും പിന്നീട്, കാര്യമായ കുറവുണ്ടായതാണ്. എന്നാൽ, ഫെബ്രുവരി മുതൽ വീണ്ടും വില വർദ്ധിക്കുകയായിരുന്നു. കമ്പിയും സിമന്റുമെല്ലാം ഉയർന്ന വില കൊടുത്ത് വാങ്ങണം. ഇതു സാധാരണക്കാരന്റെ ചുമലിലാണ് വന്നുചേരുന്നത്.

ഇക്കാലയളവിലുണ്ടായ ഇന്ധനവില വർദ്ധനയും സാമഗ്രികളുടെ വിലക്കയറ്റത്തിന് പ്രധാന കാരണമായി. പി.വി.സി പൈപ്പ്, ടൈൽസ്, പെയിന്റ്, വയറിംഗ് സാമഗ്രികൾ എന്നിവയ്ക്കും വില കുതിച്ചുയർന്നു. ഇതോടെ കരാർതുകയിൽ നിർമാണം പൂർത്തിയാക്കാൻ കഴിയാതെയായി. പണി തടസപ്പെടുന്നതിനും കാരണമായി. ഇത്തരം പ്രതിസന്ധി മൂലം നിർമ്മാണം നിന്നുപോയ നൂറുകണക്കിന് വീടുകൾ ജില്ലയിലുണ്ട്. ഇവയുടെ നിർമാണമെന്ന് പൂർത്തിയാക്കാനാകുമെന്ന് നിശ്ചയമില്ലെന്ന് കരാറുകാരും പറയുന്നു. ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമാണത്തിന് വിലക്കയറ്റം കാരണം മൂന്നു മാസത്തിനുള്ളിൽ അഞ്ചു ലക്ഷംരൂപ അധിക ചെലവു വരുമെന്നാണ് കണക്ക്.

സാധാരണക്കാർക്ക് ഈ ഭാരം താങ്ങാവുന്നതിലും അപ്പുറമാണ്. ലോണെടുത്തും സ്വർണ്ണം പണയും വച്ചും മറ്റും നിശ്ചിത തുകയുമായി വീട് നിർമാണത്തിനിറങ്ങിയ സാധാരണക്കാർക്ക് വീടു പൂർത്തീകരണം അപ്രാപ്യമാകുകയാണ്. ഇനി വില കുറയാൻ സാദ്ധ്യതയില്ലെന്ന് വ്യാപാരികൾ പറയുന്നു.

മൂന്നു മാസത്തിനിടെ കൂടിയത് 35 ശതമാനം വരെ.

സിമന്റ് ചാക്കിന് 480 രൂപ.

കമ്പി ഒരു കിലോ 70 രൂപ.

പി.സാന്റ് ഒരു അടിക്ക് 80.

എം സാന്റ് 70 അടിക്ക് .

മുക്കാൽ ഇഞ്ച് മെറ്റിൽ 55.

കല്ല് ഒരു അടിക്ക് 55 രൂപ.

ഒന്നര ഇഞ്ച് മെറ്റിൽ 45 .

കല്ലറ സ്വദേശി നാരായണൻ പറയുന്നു.

ഭീതിതമായ വില വർദ്ധനവിൽ സാധാരണക്കാർ നിശബ്ദം നിലവിളിക്കുകയും പത്രങ്ങൾ വാർത്ത കൊടുക്കുകയും ചെയ്യുന്നതല്ലാതെ ഭരിക്കുന്നവർ ഇക്കാര്യത്തിൽ ഇ‌ടപെടാൻ തയ്യാറാകുന്നില്ലെന്നതാണ് സങ്കടകരം.

Advertisement
Advertisement