ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവം മേയ് അഞ്ചു മുതൽ

Tuesday 03 May 2022 11:09 PM IST

ചെറുവത്തൂർ: രണ്ടു വർഷത്തെ കൊവിഡ് കാലത്തെ ഇടവേളക്ക് ശേഷം ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.മേയ് അഞ്ചു മുതൽ ആരംഭിക്കുന്ന കളിയാട്ട മഹോല്സവം 15 വരെയുള്ള 11 ദിവസങ്ങളിലായി നടത്തപ്പെടുകയാണെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വടക്കേ മലബാറിൽനിന്നും ദക്ഷിണ കർണ്ണാടകത്തിൽ നിന്നുമായി രണ്ടു ലക്ഷത്തോളം ഭക്തർ ഇത്തവണ കളിയാട്ടത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമാപന ദിവസം അരലക്ഷത്തോളം ഭക്തർ എത്തിച്ചേരും. ഉത്സവ നാളുകളിൽ എല്ലാ ദിവസവും ഉച്ചക്ക് 12 മണിമുതലും രാത്രി എട്ടു മണിമുതലും അന്നദാനം ഉണ്ടാകും. മെയ് അഞ്ചിന് വൈകുന്നേരം അയ്യപ്പ ക്ഷേത്ര പരിസരത്തുനിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. ചീമേനി പടിഞ്ഞാറേക്കര, വടക്കേക്കര , കിഴക്കേക്കര, പിലാന്തോളി, തുറവ് എന്നീ കരക്കാരുടെ നേതൃത്വത്തിലാണ് കലവറ നിറക്കൽ ഘോഷയാത്ര നടത്തുക. അഞ്ചിന് രാത്രി എട്ടിന് വിഷ്ണുമൂർത്തിയുടെയുംപത്തു മണിക്ക് രക്തചാമുണ്ഡിയുടെയും തോറ്റങ്ങൾ തിരുസന്നിധിയിൽ എത്തും. ആറിന് രാവിലെ ഒമ്പതിന് രക്തചാമുണ്ഡിയും 12 മണിക്ക് വിഷ്ണുമൂർത്തിയും പുറപ്പാടാകും. മറ്റുദിവസങ്ങളിൽ തോറ്റങ്ങളും തെയ്യങ്ങളും അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിക്കും. 15 ന് സമാപന ദിവസം രാവിലെ രക്തചാമുണ്ഡിയും ഉച്ചക്ക് ഇരു മണിയോടെ നാട്ടുപരദേവതയായ വിഷ്ണുമൂര്ത്തിയും ഭക്തർക്ക് ദർശന സായൂജ്യം നൽകും. ഉത്തരകേരളത്തിൽ ഏറ്റവും കൂടുതൽ തുലാഭാരം നടക്കുന്ന ക്ഷേത്രത്തിൽ അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഉപ്പ് ,ചുരിക , സ്വർണ്ണം, വെള്ളി തുടങ്ങിയ നേർച്ചകൾക്കായി പ്രത്യേകം കൗണ്ടർ പ്രവർത്തിക്കും. കളിയാട്ട ദിവസങ്ങളിൽ എല്ലാ ഭാഗങ്ങളിലേക്കും ബസ്, വാഹന സൗകര്യം ഏർപ്പെടുത്തും.

ഹരിത പ്രോട്ടോകോൾ പാലിക്കും

ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് കളിയാട്ടം നടത്തുന്നത് . ഹരിത സേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം നടത്തുന്നതിനും ഇതിനായി ഓല കൂട്ട കളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രം സ്ഥാപിച്ച ആധുനിക രീതിയിലുള്ള ജൈവ മാലിന്യ സംസ്ക്കാരണ പ്ലാന്റ് കേരളത്തിന് തന്നെ മാതൃകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്തു ഊട്ടുപുരയിൽ ഭക്ഷണം വിളമ്പുന്നവരും സംഘാടകരും മാസ്ക്ക് ധരിക്കും. പഞ്ചായത്ത് ,ആരോഗ്യം, പൊലീസ്, ഗതാഗതം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായത്തോടെ സുഗമമായ ദർശനത്തിന് വഴിയൊരുക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ. മാധവൻ, കെ.നാണുകുട്ടൻ, കെ. അരവിന്ദാക്ഷൻ, അഡ്വ. എം.വിനോദ് കുമാർ, കെ. ഇ. വിനോദ് ചന്ദ്രൻ, കെ. രാഘവൻ, എ. സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement