അഗ്ന്യാധാനത്തിന് സമാപനം  ഇനി സോമയാഗത്തിന് കാത്തിരിപ്പ്

Tuesday 03 May 2022 11:13 PM IST
കൈതപ്രം കൊമ്പംങ്കുളം ഇല്ലത്ത് നടന്ന അഗ്ന്യാധാന ചടങ്ങ്‌

മാതമംഗലം : അടുത്ത വർഷം ഏപ്രിലിൽ കൈതപ്രത്ത് നടക്കാനിരിക്കുന്ന സോമയാഗത്തിന് മുന്നോടിയായി കൊമ്പംങ്കുളം ഇല്ലത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അഗ്ന്യാധാന ചടങ്ങുകൾക്ക് പരിസമാപ്തിയായി. അഗ്ന്യാധാനത്തിലൂടെ ഉണ്ടാക്കിയ ത്രേതാഗ്നിയിലാണ് അടുത്ത വർഷം സോമയാഗം നടക്കുക.

ദിവസവും രാവിലെയും വൈകുന്നേരവും അഗ്നിഹോത്ര ഹോമം ചെയത് യജമാനനും പത്നിയും അടുത്ത വസന്തഋതുവിലെ വെളുത്ത പക്ഷത്തിലെ ദേവനക്ഷത്രത്തിൽ സോമയാഗം നടത്തും.

മുന്നോടിയായി അഗ്ന്യാധാന യാഗശാലയിൽ അരണി കടഞ്ഞ് അഗ്നിയുണ്ടാക്കിയതിന് ശേഷം നടന്ന വേദമന്ത്ര ചടങ്ങുകൾക്ക് ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട്, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, തൈക്കാട് വൈദികൻ ശങ്കരനാരായണൻ നമ്പൂതിരി, നാറാസ് മന ഇട്ടിരവി നമ്പൂതിരി, തോട്ടം കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുപതോളം ആചാര്യൻമാർ നേതൃത്വം നൽകി.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം ഡയരക്ടർ ഡോ. കൊമ്പംങ്കുളം വിഷ്ണു നമ്പൂതിരിയും ഡോ. ഉഷ അന്തർജനവുമാണ് യാഗത്തിന്റെ യജമാനനും പത്നിയും.

Advertisement
Advertisement