മോദിക്ക് ഡെൻമാർക്കിൽ ഗംഭീര വരവേൽപ്പ്, യുക്രെയിൻ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെട്ടെന്ന് പ്രധാനമന്ത്രി

Wednesday 04 May 2022 2:13 AM IST

കോപ്പൻഹേഗൻ : യൂറോപ്പ് പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഡെൻമാർക്കിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. രാജ്യതലസ്ഥാനമായ കോപ്പൻഹേഗൻ വിമാനത്താവളത്തിലെത്തിയ മോദിയെ ഡാനിഷ് പ്രധാനമന്ത്രി മെ​റ്റെ ഫ്രെഡറിക്സൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. മോദിയുടെ ആദ്യ ഡെൻമാർക്ക് സന്ദർശനമാണിത്.

അതേസമയം, യുക്രെയിനിൽ അടിയന്തര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് കോപ്പൻഹേഗനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മോദി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളോടും സംസാരിച്ചുവെന്നും മോദി വ്യക്തമാക്കി.

' ഡെൻമാർക്കും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമാണുള്ളത്. പുനരുപയോഗ ഊർജ്ജം, ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, വാട്ടർ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ സുപ്രധാനമായ വികസനം ഉണ്ടായി. 200ൽ അധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു " മോദി പറഞ്ഞു.

ഇന്ത്യയും ഡെൻമാർക്കും പല മൂല്യങ്ങളും പങ്കിടുന്നുവെന്നും അടുത്ത പങ്കാളികൾ എന്ന നിലയിൽ യുക്രെയിൻ അധിനിവേശം തങ്ങൾ ചർച്ച ചെയ്തെന്നും യുക്രെയിൻ വിഷയത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പറഞ്ഞു. ബുചയിലെ സിവിലിയൻ കൊലപാതകങ്ങളെ ഇന്ത്യയും ഡെൻമാർക്കും അപലപിക്കുന്നുവെന്നും ഒരു സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യകത തങ്ങൾ ചർച്ച ചെയ്തെന്നും മെ​റ്റെ കൂട്ടിച്ചേർത്തു.

വ്യാപാരം, വ്യവസായം, ധനകാര്യം, ജലസേചനം, ഷിപ്പിംഗ്, പോർട്ട് തുടങ്ങിയ മേഖലകളിൽ ഡെൻമാർക്കും ഇന്ത്യയും തമ്മിൽ ഇന്നലെ ഒമ്പത് കരാറുകളിൽ ഒപ്പിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം, ഇന്ന് ഇന്ത്യയുടെ പരിഷ്കാരങ്ങളും നിക്ഷേപ അവസരങ്ങളും നോക്കുമ്പോൾ, തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർക്ക് തീർച്ചയായും അതൊരു നഷ്ടമായി മാറുമെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഗ്രീൻ ടെക്നോളജിയിൽ നിക്ഷേപത്തിന് വലിയ സാദ്ധ്യതകളുണ്ടെന്നും കോൾഡ് ചെയിൻ, ഷിപ്പിംഗ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലയിൽ നിരവധി അവസരങ്ങൾ വാഗ്ദ്ധാനം ചെയ്യുന്നതായും മോദി ഊന്നിപ്പറഞ്ഞു. കോപ്പൻഹേഗനിൽ ഡാനിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും പ്രത്യേക ക്ഷണ പ്രകാരം മോദി സന്ദർശനം നടത്തി.

ഡാനിഷ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മോദി കോപ്പൻഹേഗനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യ - നോർഡിക് ഉച്ചകോടിയുടെ രണ്ടാം പതിപ്പ്, ഇന്ത്യ - ഡെൻമാർക്ക് ബിസിനസ് ഫോറം എന്നിവയിലും മോദി പങ്കെടുക്കുന്നുണ്ട്. ഡെൻമാർക്കിന് പുറമേ നോർഡിക് രാജ്യങ്ങളായ ഐസ്‌ലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ന് ഫ്രാൻസിലേക്ക് തിരിക്കുന്ന മോദി പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.

Advertisement
Advertisement